'സുകുമാരൻ നായരെ കാണാൻ പാർട്ടി ആരെയും ചുമതലപ്പെടുത്തിയിട്ടില്ല, നേതാക്കളുടെ സന്ദർശനം വ്യക്തിപരം'

തിരുവനന്തപുരം: പെരുന്നയിൽ എത്തി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ കോൺഗ്രസ് നേതാക്കൾ കണ്ടത് വ്യക്തിപരമായ സന്ദർശനമെന്ന് പ്രതിപക്ഷ നേതാവ്  വിഡി സതീശൻ. എസ്എൻഡിപിയുടെയോ എൻഎസ്എസിന്റെയോ, ഏതെങ്കിലും സമുദായ നേതാക്കളുമായോ കൂടിക്കാഴ്ച നടത്തുന്നതിന് യുഡിഎഫോ കോൺഗ്രസോ യാതൊരു വിലക്കും ഏർപ്പെടുത്തിയിട്ടില്ല. ഇത്തരം സന്ദർശനം നടത്താൻ പാർട്ടി ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും എല്ലാ സമുദായ നേതാക്കളുമായും നല്ല ബന്ധമാണ് തുടരുന്നതെന്നും വിഡി സതീശൻ പറഞ്ഞു.


രാഹുൽ ഗാന്ധിക്കെതിരായ വധഭീഷണി സഭ നിർത്തിവച്ച് ചർച്ച ചെയ്യാത്തത് ബിജെപി സിപിഎം ബാന്ധവത്തിന്റെ ഭാഗമായാണെന്നും സതീശൻ പറഞ്ഞു. വധഭീഷണി ഉയർത്തിയ ആളെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയ്യാറായില്ല. മുഖ്യമന്ത്രിക്കെതിരെ ആരെങ്കിലും സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റ് ഇട്ടാൽ അവരെ അറസ്റ്റ് ചെയ്യുകയും വീട് റെയ്ഡ് ചെയ്യുകയും ചെയ്യും. രാജ്യത്തെ സമുന്നതനായ നേതാവിന്റെ നെഞ്ചിൽ വെടിയുണ്ട പായിക്കുമെന്ന് പറഞ്ഞ ബിജെപി നേതാവിനെ സംരക്ഷിക്കുകയാണ് പിണറായി സർക്കാർ ചെയ്യുന്നത്. ബിജെപിയെ ഭയന്നിട്ടാണ് മുഖ്യമന്ത്രി അയാളെ അറസ്റ്റ് ചെയ്യാത്തത്. ഇരുകൂട്ടരും തമ്മിലുള്ള അവിശുദ്ധ ബാന്ധവത്തിന്റെ അവസാനത്തെ തെളിവ് ആണിത്. അയാളെ അറസ്റ്റ് ചെയ്യാത്ത പിണറായി സർക്കാർ നടപടി വിസ്മയിപ്പിക്കുന്നുവെന്നും ബിജെപി- സിപിഎം ബാന്ധവം കേരളത്തിലെ ജനങ്ങളുടെ മുന്നിൽ തുറന്നുകാട്ടുമെന്നും സതീശൻ പറഞ്ഞു.


കേന്ദ്ര ഏജൻസികളെ ഭയന്നുകൊണ്ട് ജിവിക്കുന്ന മുഖ്യമന്ത്രിയാണ് കേരളത്തിലുള്ളത്. മഞ്ചേശ്വരം ഇലക്ഷൻ കേസ്, കൊടകര കുഴൽപ്പണക്കേസ്, തൃശൂർ പൂരം കലക്കൽ കേസ്, ആർഎസ്എസ് നേതാവും എഡിജിപിയുമായുള്ള കുടിക്കാഴച ഇവയെല്ലാം ഇരുകൂട്ടരും ഒതുക്കിതീർത്തില്ലേ?. ഇരുവരും തമ്മിലുള്ള അവിശുദ്ധബാന്ധവും പുറത്തുവരുമെന്നതിനാലാണ് ഇത് സഭയിൽ ചർച്ച ചെയ്യാൻ അനുവദിക്കാതിരുന്നത്. രാഹുൽ ഗാന്ധിയെ ഇല്ലാതാക്കുമെന്ന് പറഞ്ഞത് നിസ്സാര സംഭവമാണോയെന്നും സതീശൻ ചോദിച്ചു.

Previous Post Next Post