'ഭാരതാംബ ഉണ്ടാകില്ല'; രാജ്ഭവനിലെ ചടങ്ങില്‍ നാളെ മുഖ്യമന്ത്രിയെത്തും; വേദിയില്‍ തരൂരും

രാജ്ഭവനില്‍ ഞായറാഴ്ച നടക്കുന്ന ചടങ്ങിന് മുഖ്യമന്ത്രി പിണറായി വിജയനെത്തും. രാജ്ഭവനിലെ വേദികളില്‍ ഭാരതാംബയുടെ ചിത്രം ഉണ്ടാകുമെന്ന നിര്‍ബന്ധത്തില്‍ നിന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പിന്‍വാങ്ങി.

ഈ ചടങ്ങില്‍ ഭാരാതാംബയുടെ ചിത്രം ഉണ്ടാകില്ല. പരിപാടിയില്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യം ഉറപ്പാക്കികൊണ്ടുള്ള സന്ദേശം രാജ്ഭവന് ലഭിച്ചിട്ടുണ്ട്. രാജ്ഭവന്‍ പ്രസിദ്ധീകരിക്കുന്ന ത്രൈമാസികയായ രാജ്ഹംസിന്റെ പ്രകാശനമാണ് ചടങ്ങ്.

ശശി തരൂര്‍ എംപിക്ക് ആദ്യപ്രതി നല്‍കി മുഖ്യമന്ത്രിയാണ് പ്രകാശിപ്പിക്കുക. പ്രതിപക്ഷ നേതാവ് വിഡി സതീശനെ ക്ഷണിച്ചിട്ടുണ്ടെങ്കിലും സാന്നിധ്യമേ ഉദ്ദേശിച്ചിട്ടുള്ളു. അദ്ദേഹത്തെ കാഴ്ചക്കാരനാക്കി എംപി ശശി തരൂരിന് കോപ്പി നല്‍കി മാസിക പ്രകാശിപ്പിക്കുന്നതില്‍ പ്രോട്ടോകോള്‍ ലംഘനം ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

പ്രധാനമന്ത്രിയെ പിന്തുണയ്ക്കുന്ന പ്രസ്താവനകള്‍ കാരണം കോണ്‍ഗ്രസ് നേതൃത്വത്തിന് അനഭിമതനാണ് തരൂര്‍. പ്രതിപക്ഷ നേതാവിനെ ഒഴിവാക്കി തരൂരിന് പ്രധാന റോള്‍ നല്‍കുന്നതില്‍ രാജ്ഭവന്‍ രാഷ്ട്രീയം കളിക്കുകയാണെന്ന വിമര്‍ശനം കോണ്‍ഗ്രസിനുണ്ട്. സിപിഎം- ബിജെപി അന്തര്‍ധാരയാണ് കോണ്‍ഗ്രസ് ഈ ചടങ്ങിലും കാണുന്നത്. പ്രതിപക്ഷ നേതാവ് എത്തില്ലെന്നാണ് സൂചന.

രാജ്ഭവനിലെ ചടങ്ങുകളില്‍ ഭാരാതാംബയുടെ ചിത്രം വച്ചത് നേരത്തെ വിവാദമായിരുന്നു. പി പ്രസാദ് പരിപാടി ബഹിഷ്‌കരിക്കുകയും മന്ത്രി വി ശിവന്‍കുട്ടി ചടങ്ങില്‍ നിന്ന് ഇറങ്ങിപ്പോരുകയും ചെയ്തിരുന്നു. സത്യപ്രതിജ്ഞപോലെയുള്ള ഔദ്യോഗിക ചടങ്ങുകള്‍ ഒഴികെയുള്ള രാജ്ഭവനിലെ വേദികളില്‍ ഭാരതാംബയുടെ ചിത്രം നിര്‍ബന്ധമായും ഉണ്ടാകുമെന്നായിരുന്നു രാജ്ഭവന്റെ നിലപാട്.

Previous Post Next Post