കോഴിക്കോട്: കോഴിക്കോട് വെസ്റ്റ് ഹിൽ സ്വദേശി വിജിലിന്റെ തിരോധാനത്തിൽ നിർണായക വഴിത്തിരിവ്. വിജിലിന്റെ മൃതദേഹാവശിഷ്ടങ്ങൾ സരോവരത്തെ ചതുപ്പിൽ നിന്നും കണ്ടെടുത്തു. മൃതദേഹം കെട്ടിത്താഴ്ത്തിയ കല്ലുകളും കണ്ടെത്തിയിട്ടുണ്ട്. വിജിലിന്റെ മൃതദേഹം പ്രദേശത്തെ ചതുപ്പിൽ കല്ലിൽ കെട്ടിതാഴ്ത്തിയെന്നായിരുന്നു സുഹൃത്തുക്കൾ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നത്.
2019 മാർച്ച് 24 നാണ് വിജിലിനെ കാണാതാകുന്നത്. അന്നേദിവസം വിജിൽ സുഹൃത്തുക്കളായ നിഖിൽ, ദീപേഷ്, രഞ്ജിത്ത് എന്നിവർക്കൊപ്പം സരോവരത്തെ സ്ഥലത്തെത്തിയിരുന്നു. അവർ സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന സ്ഥലമാണിത്. ഇവിടെ വെച്ച് ഇവർ നാലുപേരും ചേർന്ന് എംഡിഎംഎ കുത്തിവെച്ചു. ഇതിനുശേഷം സ്ഥലത്ത് തളർന്നു കിടന്ന് ഉറങ്ങിയെന്നാണ് സുഹൃത്തുക്കൾ പൊലീസിനോട് പറഞ്ഞത്.
പിന്നീട് ഉണർന്നപ്പോൾ വിജിൽ മാത്രം എഴുന്നേറ്റില്ല. തുടർന്ന് പരിശോധിച്ചപ്പോൾ വിജിൽ മരിച്ചതായി മനസ്സിലാക്കി. പരിഭ്രമിച്ച് അവിടെ നിന്നും സ്ഥലംവിട്ടു. പിന്നീട് രണ്ടു ദിവസത്തിന് ശേഷം വീണ്ടും അവിടെയെത്തുകയും വിജിലിന്റെ മൃതദേഹം സ്ഥലത്തു ത്നനെ കെട്ടിത്താഴ്ത്തുകയും ചെയ്തുവെന്നാണ് പൊലീസിന്റെ പിടിയിലായ സുഹൃത്തുക്കൾ വെളിപ്പെടുത്തിയത്. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രദേശത്ത് പൊലീസ് തിരച്ചിൽ ആരംഭിച്ചത്.
തിരച്ചിലിന്റെ ഏഴാം ദിനത്തിലാണ് പല്ലുകളുടെയും വാരിയെല്ലിന്റേതെന്നു കരുതുന്ന അസ്ഥിയുടെയും ഭാഗങ്ങൾ കണ്ടെത്തിയത്. പ്രദേശത്ത് കൂടുതൽ തിരച്ചിൽ നടത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കഴിഞ്ഞ മാസം തുടങ്ങിയ തിരച്ചിൽ കനത്ത മഴയെത്തുടർന്ന് ഏറെ ദിവസങ്ങൾ നിർത്തിവെച്ചിരുന്നു. പ്രദേശത്തെ വെള്ളക്കെട്ടാണ് തിരച്ചിലിന് പ്രതിബന്ധമായത്. കഴിഞ്ഞ ദിവസം പ്രതികളെ കസ്റ്റഡിയിൽ വാങ്ങി നടത്തിയ തിരച്ചിലിലാണ് മൃതദേഹാവശിഷ്ടങ്ങൾ ലഭിക്കുന്നത്. കഴിഞ്ഞദിവസം വിജിലിന്റേതെന്ന് സംശയിക്കുന്ന ഷൂ ലഭിച്ചിരുന്നു. ലഭിച്ച മൃതദേഹാവശിഷ്ടങ്ങൾ വിജിലിന്റേതാണോ എന്നുറപ്പിക്കാൻ ഡിഎൻഎ പരിശോധനയ്ക്ക് അയക്കുമെന്ന് പൊലീസ് സൂചിപ്പിച്ചു.
