ഉപയോഗിക്കുക 600 കിലോ അരിയും 1500 ലിറ്റര്‍ പാലും, ഫുല്‍ക്ക റൊട്ടിയും പനീര്‍ ബട്ടറും അത്താഴം; അയ്യപ്പ സംഗമത്തിന് പഴയിടത്തിന്റെ അടുക്കള

ആഗോള അയ്യപ്പ സംഗമത്തിന് എത്തുന്നവർക്ക് പഴയിടം മോഹനൻ നമ്ബൂതിരിയുടെ കൈപുണ്യം നുകരാം. പ്രതിനിധികള്‍ക്ക് ഉള്‍പ്പെടെ ഭക്ഷണം ഒരുക്കുന്നത് പഴയിടത്തിന്റെ നേതൃത്വത്തിലാണ്.

4000 പേർക്കാണ് ഇഡ്ഡലിയും ദോശയും ഉള്‍പ്പെട്ട പ്രഭാത ഭക്ഷണം. ചായയും കാപ്പിയും കൂടാതെ പാല്‍ ചേർത്ത കോണ്‍ഫ്ലേക്സും ഉണ്ട്. രാവിലെ 11ന് 5000 പേർക്കുള്ള ചായയും ഉഴുന്നുവടയും വിതരണം ചെയ്യും. സാമ്ബാർ, പുളിശ്ശേരി, മോര്, അവിയല്‍, തീയല്‍, തോരൻ ഉള്‍പ്പെടെ ഒമ്ബത് കൂട്ടം കറിയും പാലട പ്രഥമനും ചേർന്ന വിഭവസമൃദ്ധമായ ഊണ് ഉച്ചയ്ക്ക്. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്നവർക്ക് വെജിറ്റബിള്‍ പുലാവും ചില്ലി ഗോപിയും വിളമ്ബും. കൂടെ, പാലട പ്രഥമന്റെ രുചിയും ആസ്വദിക്കാം.

വൈകിട്ട് 3ന് 5000 പേർക്ക് ചായയും വട്ടയപ്പവും ഒരുക്കും. 3000 പേരെയാണ് അത്താഴത്തിന് പ്രതീക്ഷിക്കുന്നത്. ഫുല്‍ക്ക റൊട്ടിയും പനീർ ബട്ടറും വെജിറ്റബിള്‍ സാലഡും അത്താഴത്തിനുണ്ട്. 500 പേർക്ക് ഇരുന്നു കഴിക്കാനും ഏഴ് കൗണ്ടറുകളിലായി ബുഫേ സൗകര്യവുമുണ്ട്. കരിമ്ബിൻ ചണ്ടിയില്‍ തീർത്ത പ്രകൃതി സൗഹൃദമായ പ്ലേറ്റിലാണ് ഭക്ഷണം നല്‍കുന്നത്. പഴയിടത്തിന്റെ നേതൃത്വത്തില്‍ 40 ജീവനക്കാരാണ് കലവറയില്‍. 600 കിലോ അരിയും 1500 ലിറ്റർ പാലും പാചകത്തിന് ഉപയോഗിക്കുന്നു. 2017 മുതല്‍ തുടർച്ചയായി നാലുവർഷം സന്നിധാനത്ത് പഴയിടത്തിന്റെ മേല്‍നോട്ടത്തില്‍ ഓണസദ്യ നടത്തിയിട്ടുണ്ട്. പമ്ബാ തീരത്തെ പ്രധാന വേദിയോട് ചേർന്നും ഹില്‍ടോപ്പിലെ 7000 ചതുരശ്രയടി ജർമൻ ഹാങ്ങർ പന്തലിലും ആണ് ഭക്ഷണം വിളമ്ബുന്നത്.
Previous Post Next Post