ഇസ്രയേൽ ആക്രമണത്തിൽ ഖത്തറിൽ ആറ് മരണം, 5 ഹമാസ് പ്രവർത്തകരും സൈനികനും കൊല്ലപ്പെട്ടു, അപലപിച്ച് ലോക രാഷ്ട്രങ്ങൾ

ദോഹ: ഖത്തർ തലസ്ഥാനമായ ദോഹയിൽ ഹമാസ് നേതൃത്വത്തെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ. അഞ്ച് പ്രവർത്തകർ കൊല്ലപ്പെട്ടതായി ഹമാസ് സ്ഥിരീകരിച്ചു. ഹമാസ് നേതാവ് ഖലീൽ അൽ ഹയ്യയുടെ മകൻ ഉൾപ്പെടെ അഞ്ച് അംഗങ്ങൾ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്നാണ് ഹമാസ് പറയുന്നത്. ഖത്തറിന്റെ സുരക്ഷാ സേനാംഗമാണ് കൊല്ലപ്പെട്ട ആറാമത്തെ വ്യക്തി


ഇസ്രായേൽ ആക്രമണത്തെ അപലപിച്ച് ലോക രാഷ്ട്രങ്ങൾ രംഗത്തെത്തി. 'ഭീരുത്വം നിറഞ്ഞ' ഇടപെടൽ എന്നാണ് ആക്രമണത്തോട് ഖത്തർ പ്രതികരിച്ചത്. ഇസ്രയേൽ ആക്രമണത്തെ കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു എന്ന അമേരിക്കയുടെ വാദത്തെയും ഖത്തർ തള്ളി. അമേരിക്കയിൽ നിന്ന് മുൻകൂർ മുന്നറിയിപ്പ് ലഭിച്ചിട്ടില്ലെന്നും ആക്രമണം ആരംഭിച്ച് 10 മിനിറ്റിനുശേഷമാണ് വാഷിങ്ടണിൽ നിന്ന് കോൾ വന്നതായും ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ വ്യക്തമാക്കി.


ഇസ്രയേൽ ആക്രമണത്തെ അപലപിച്ചും ഖത്തറിന് പിന്തുണ പ്രഖ്യാപിച്ചും സൗദി അറേബ്യ, യുഎഇ തുടങ്ങി രാഷ്ട്രങ്ങളും രംഗത്തെത്തി. ഇസ്രായേൽ അതിന്റെ ക്രിമിനൽ നടപടികൾ തുടരുന്നത് അന്താരാഷ്ട്ര നിയമ തത്വങ്ങളുടെ നഗ്‌നമായ ലംഘനമാണെന്നും ഇതിന് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് സൗദി അറേബ്യ മുന്നറിയിപ്പ് നൽകി. ഖത്തറിനെതിരായ ഇസ്രായേൽ ആക്രമണം ഇത് നഗ്‌നവും ഭീരുത്വവുമായ പ്രവൃത്തിയാണെന്ന് യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ പ്രതികരിച്ചു.


പ്രശ്‌നങ്ങൾ നയതന്ത്ര ചർച്ചയിലൂടെ പരിഹരിക്കണം എന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. ആക്രമണത്തിൽ ആശങ്ക രേഖപ്പെടുത്തിക്കൊണ്ടായിരുന്നു ഇന്ത്യയുടെ പ്രതികരണം. ഖത്തറിൽ ആക്രമണം നടത്താനുള്ള തീരുമാനം ഇസ്രയേൽ സ്വന്തം നിലയിൽ കൈക്കൊണ്ടതാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് പ്രതികരിച്ചു. ആക്രമണം നടത്താനുളള തീരുമാനം ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റേതാണ്, തന്റേതായിരുന്നില്ലെന്നും ട്രംപ് സമൂഹമാധ്യമം ആയ ട്രൂത്ത് സോഷ്യലിൽ കുറിച്ചു.

Previous Post Next Post