ജറുസലം : പശ്ചിമേഷ്യയെ അശാന്തമാക്കിക്കൊണ്ടുള്ള ഇസ്രയേൽ ആക്രമണം തുടരുന്നു. ഖത്തറിന് പിന്നാലെ യെമൻ തലസ്ഥാനമായ സനായിലും വടക്കൻ പ്രവിശ്യയായ അൽ ജൗഫിലുമാണ് ബുധനാഴ്ച രാത്രി ആക്രമണം ഉണ്ടായത്. സംഭവത്തിൽ 35 പേർ കൊല്ലപ്പെടുകയും 131 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. ഹൂതികളുടെ സൈനിക കേന്ദ്രം ലക്ഷ്യമാക്കി ആക്രമണം നടത്തിയതായി ഇസ്രയേലും സ്ഥിരീകരിച്ചിട്ടുണ്ട്.
ഇസ്രയേൽ നടത്തിയത് ശക്തമായ ആക്രമണമായിരുന്നു എന്നും മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നും യെമൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. സനായിലെ അൽ-തഹ്രിർ ജനവാസകേന്ദ്രങ്ങൾ, നഗരത്തിന്റെ തെക്കുപടിഞ്ഞാറുള്ള 60-ാം സ്ട്രീറ്റിലെ ആരോഗ്യ കേന്ദ്രം, അൽ-ജാഫിന്റെ തലസ്ഥാനമായ അൽ-ഹസ്മിലെ സർക്കാർ ഉടമസ്ഥതയിലുള്ള പ്രദേശം തുടങ്ങി സിവിലിയൻ, റെസിഡൻഷ്യൽ മേഖലകളിലാണ് ഇസ്രയേൽ ലക്ഷ്യമിട്ടത് എന്നും യെമൻ അധികൃതർ അറിയിച്ചു. ഓഗസ്റ്റ് 30 നും സനായിൽ ഇസ്രയേൽ ശക്തമായ ആക്രമണം നടത്തിയിരുന്നു. ആക്രമണത്തിൽ ഹൂതികളുടെ പ്രധാനമന്ത്രിയും മന്ത്രിമാരും കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
അതേസമയം, ഗാസയിലേക്ക് ദുരിതാശ്വാസ സാധനങ്ങളുമായി പോയ സ്വീഡിഷ് ആക്ടിവിസ്റ്റ് ഗ്രേറ്റ ട്യുൻബെർഗിന്റെ നേതൃത്വത്തിൽ ഗ്ലോബൽ ഫ്‌ലോട്ടില്ല സംഘത്തിലെ ബോട്ടിനുനേരെ വീണ്ടും ആക്രമണം ഉണ്ടായതായും റിപ്പോർട്ടുകളുണ്ട്. ടുണീഷ്യൻ തീരത്ത് വച്ചാണ് ബോട്ട് ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം അരങ്ങേരിയത്. ആക്രമണത്തിൽ തീപടർന്ന ബോട്ടിന്റെ വിഡിയോ ഉൾപ്പെടെ പുറത്തുവന്നു. ബോട്ടിലെ എല്ലാവരും സുരക്ഷിതരാണെന്ന് സംഘാടകർ അറിയിച്ചു.
