കരുർ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും 39 പേർ മരിച്ച സംഭവത്തില്‍ ദുരിതമനുഭവിക്കുന്നവർക്ക് സഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി.
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രി മോദി രണ്ട് ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവർക്ക് 50,000 രൂപ നഷ്ടപരിഹാരം നല്‍കുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പ്രധാനമന്ത്രി ദേശീയ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് തുക അനുവദിച്ചിട്ടുള്ളത്.
ധനസഹായം പ്രഖ്യാപിച്ച് വിജയ്
ടിവികെ അധ്യക്ഷൻ വിജയ്‍യും ധനസഹായം പ്രഖ്യാപിച്ചിരുന്നു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷം രൂപ വീതവും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവർക്ക് രണ്ട് ലക്ഷം രൂപ വീതവും ധനസഹായം നല്‍കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. എക്സില്‍ പങ്കുവെച്ച പോസ്റ്റില്‍ ഹൃദയം തകരുന്ന വേദനയോടെയാണ് അനുശോചന സന്ദേശം എഴുതുന്നതെന്ന് വിജയ് കുറിച്ചു. അതേസമയം, ദുരന്തത്തെ തുടര്‍ന്ന് ടിവികെ അധ്യക്ഷൻ വിജയ് സംസ്ഥാന പര്യടനം നിര്‍ത്തിവെച്ചു. ഈ സംഭവവുമായി ബന്ധപ്പെട്ട് വിജയ്‍യെ തിടുക്കത്തില്‍ അറസ്റ്റ് ചെയ്യേണ്ടെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇതിനിടെ, കരൂര്‍ ദുരന്തത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയെ സമീപിക്കാൻ ടിവികെ തീരുമാനിച്ചു. ടിവികെ നേതാക്കളുടെ ഓണ്‍ലൈൻ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ഇതുമായി ബന്ധപ്പെട്ട് നിയമോപദേശം തേടും.
അടുത്തയാഴ്ച കോയമ്ബത്തൂര്‍, നീലഗിരി ജില്ലകളില്‍ നടത്താനിരുന്ന പര്യടനാണ് വിജയ് നിര്‍ത്തിവെച്ചത്. വെല്ലൂരും റാണിപേട്ടുമാണ് ഒക്ടോബര്‍ അഞ്ചിന് റാലി തീരുമാനിച്ചിരുന്നത്. ഇത് ഉള്‍പ്പെടെയാണ് നിര്‍ത്തിവെച്ചത്.