കോഴ്‌സുകള്‍ക്ക് അംഗീകാരമില്ല; ചോദ്യംചെയ്യാൻ വിളിപ്പിച്ച വിദ്യാഭ്യാസസ്ഥാപന ഉടമ ജീവനൊടുക്കി.


അംഗീകാരമില്ലാത്ത പാരാമെഡിക്കല്‍ കോഴ്സുകള്‍ നടത്തി വിദ്യാർഥികള്‍ക്ക് സർട്ടിഫിക്കറ്റുകള്‍ നല്‍കിയിരുന്ന സ്ഥാപനത്തിന്റെ ഉടമ പോലീസ് ചോദ്യംചെയ്യാൻ വിളിപ്പിച്ചതിനെത്തുടർന്ന് ജീവനൊടുക്കി.

കൊല്ലം കോളേജ് ജങ്ഷനില്‍ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കല്‍സ് എന്ന സ്ഥാപനം നടത്തുന്ന അമല്‍ ശങ്കറാ(46)ണ് ജീവനൊടുക്കിയത്.

കോളേജ് ജങ്ഷനില്‍ വർഷങ്ങളായി വിദ്യാഭ്യാസസ്ഥാപനം നടത്തിവരികയാണ് അമല്‍ ശങ്കറും ഭാര്യ രേഖാകുമാരിയും. ഭാരത് സേവക് സമാജിന്റെ പരിശീലനകേന്ദ്രമാണ് ഇതെന്നാണ് ഇവർ കുട്ടികളോട് പറഞ്ഞിരുന്നത്. ലാബ് ടെക്നീഷ്യൻ, ഡയാലിസിസ് ടെക്നീഷ്യൻ തുടങ്ങിയ കോഴ്സുകളാണ് പ്രധാനമായും സ്ഥാപനത്തില്‍ നടത്തിയിരുന്നത്. ഇവിടെനിന്ന് പഠിച്ചിറങ്ങിയ വിദ്യാർഥികള്‍ ഇന്റേണ്‍ഷിപ്പിനും ജോലിക്കും ശ്രമിക്കുമ്ബോഴാണ് കോഴ്സുകള്‍ക്ക് അംഗീകാരമില്ലെന്ന് അറിയുന്നത്.

സർട്ടിഫിക്കറ്റുകളിലെ ക്യുആർ കോഡ് സ്കാൻ ചെയ്യുമ്ബോള്‍ ചെന്നൈയിലുള്ള മറ്റ് വിദ്യാർഥികളുടെ വിവരങ്ങളും കിട്ടിയിരുന്നു. ഇതേത്തുടർന്ന് കുട്ടികള്‍ സ്ഥാപനത്തിലെത്തി ബഹളംവെച്ചു. കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ വ്യാഴാഴ്ച പരാതിയും നല്‍കി.

വിദ്യാർഥികളെയും സ്ഥാപന ഉടമകളെയും തിങ്കളാഴ്ച സ്റ്റേഷനില്‍ ചർച്ചയ്ക്കായി വിളിപ്പിച്ചെങ്കിലും അമല്‍ ശങ്കർ എത്തിയില്ല. രേഖയെയും സ്ഥാപനത്തിന്റെ കൊച്ചിയില്‍നിന്നുള്ള പ്രതിനിധികളെയും ചോദ്യംചെയ്യുന്നതിനിടെ അമലിനോട് സ്റ്റേഷനില്‍ എത്താൻ ഈസ്റ്റ് പോലീസ് ആവശ്യപ്പെട്ടിരുന്നു. പിന്നീട് ഇയാളുടെ ഫോണ്‍ സ്വിച്ച്‌ ഓഫായി. വൈകീട്ട് നാലരയോടെയാണ് വാളകം അറയ്ക്കലില്‍ ഭാര്യയുടെ വീടായ രേഖാമന്ദിരത്തില്‍ അമലിനെ ആത്മഹത്യചെയ്തനിലയില്‍ കണ്ടെത്തിയത്. അഞ്ചലിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലാണ് മൃതദേഹം. ഹൈദരാബാദില്‍ എല്‍എല്‍ബി വിദ്യാർഥിയായ അഭിറാം ശങ്കറാണ് മകൻ.

Previous Post Next Post