'നിമിഷപ്രിയയെ രണ്ടു ദിവസത്തിനകം തൂക്കിലേറ്റും', കെഎ പോൾ സുപ്രീം കോടതിയിൽ, മാധ്യമങ്ങളെ വിലക്കണമെന്ന് ആവശ്യം


 ന്യൂഡൽഹി: യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്‌സ്  നിമിഷ പ്രിയയുടെ വധശിക്ഷ ഈ മാസം 24 നോ 25 നോ ഉണ്ടായേക്കുമെന്ന് ഗ്ലോബൽ പീസ് ഇനിഷ്യേറ്റീവ് സ്ഥാപകൻ കെ എ പോൾ. സുപ്രീംകോടതിയിലാണ് പോൾ ഇക്കാര്യം അറിയിച്ചത്. നിമിഷപ്രിയ കേസിൽ മാധ്യമങ്ങളെ വിലക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജിയിലാണ് കെ എ പോൾ ഇക്കാര്യം വ്യക്തമാക്കിയത്.


നിമിഷപ്രിയയുടെ കേസുമായി ബന്ധപ്പെട്ട് യെമനിൽ നിർണായക ചർച്ചകൾ നടക്കുകയാണ്. അതിനാൽ ഈ വിഷയത്തിൽ ചർച്ചകൾ വിലക്കണം. മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതും വിലക്കണം. മൂന്നു ദിവസത്തേക്ക് വിലക്കേർപ്പെടുത്തണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. നിമിഷപ്രിയയുടെ ആവശ്യപ്രകാരമാണ് ഇക്കാര്യം ഉന്നയിക്കുന്നതെന്നും കെ എ പോൾ കോടതിയിൽ നേരിട്ട് ഹാജരായി ആവശ്യപ്പെട്ടു.


ആക്ഷൻ കൗൺസിൽ അഭിഭാഷകനായ സുഭാഷ് ചന്ദ്രനെയും കാന്തപുരം അബൂബക്കർ മുസ്ലിയാറിനെയും പ്രതികരണങ്ങളിൽ നിന്നും വിലക്കണമെന്നും പോൾ ആവശ്യപ്പെടുന്നു. സുഭാഷ് ചന്ദ്രനും അദ്ദേഹത്തിന്റെ കൂട്ടാളികളും, കാന്തപുരം പോലുള്ള വ്യക്തികളും ഞങ്ങൾ പണം നൽകിയെന്ന് പറയുന്നു. ഞങ്ങൾ ചർച്ച നടത്തിയെന്നും പറയുന്നു. എന്നാൽ അവരെ താൻ ഒരിക്കലും കണ്ടിട്ടില്ല. അവരുമായി തനിക്ക് ഒരു ബന്ധവുമില്ല, അവരിൽ നിന്ന് ഒരു ഡോളർ പോലും ലഭിച്ചിട്ടില്ലെന്നും ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ചിന് മുമ്പാകെ കെ എ പോൾ അറിയിച്ചു.


ഹർജി പരിഗണിച്ച സുപ്രീം കോടതി അറ്റോർണി ജനറലിന് നോട്ടീസ് അയച്ചു. 25ന് കേസ് കേൾക്കാമെന്ന് സുപ്രീംകോടതി അറിയിച്ചു. അന്നുതന്നെ ഉത്തരവ് നൽകാമെന്നും കോടതി വ്യക്തമാക്കി. നിമിഷപ്രിയയുടെ മോചനദ്രവ്യത്തിനെന്ന പേരിൽ വ്യാജപണപ്പിരിവ് നടത്തുന്നു എന്നാരോപിച്ച് ഇവാഞ്ചലിസ്റ്റും ഗ്ലോബൽ പീസ് ഇനിഷ്യേറ്റീവ് സ്ഥാപകനുമായ കെഎ പോളിനെതിരെ പരാതി ഉയർന്നിരുന്നു. പോളിന്റെ എക്‌സ് അക്കൗണ്ടിൽ നിന്നും നിമിഷപ്രിയയുടെ മോചനത്തിന് ആവശ്യമായ തുക ഇന്ത്യൻ ഗവൺമെന്റ് ആരംഭിച്ച വിദേശ കാര്യമന്ത്രാലയത്തിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് സംഭാവന ചെയ്യണമെന്ന് കാണിച്ച് പോസ്റ്റ് വന്നിരുന്നു.


തുടർന്ന് യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സായ നിമിഷ പ്രിയയ്ക്കായി സാമ്പത്തിക സംഭാവകൾ ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വിവരങ്ങൾ വ്യാജമാണെന്ന് വിദേശ കാര്യമന്ത്രാലം വ്യക്തമാക്കിയിരുന്നു. മന്ത്രാലയത്തിന്റെ ഫാക്ട് ചെക്ക് ടീമിന്റെ എക്‌സ് ഹാൻഡിലിൽ കെ എ പോൾ പങ്കുവെച്ച പോസ്റ്റിന്റെ സ്‌ക്രീൻഷോട്ടും ഇതോടൊപ്പം പ്രസിദ്ധീകരിച്ചിരുന്നു.

Previous Post Next Post