റായ്പൂർ: ഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകളെ എത്രയും വേഗം മോചിപ്പിക്കണമെന്ന് മഹിളാ അസോസിയഷൻ നേതാക്കളായ പികെ ശ്രീമതിയും സിഎസ് സുജാതയും. ദുർഗയിലെ ജയിലിലെത്തി കന്യാസ്ത്രീകളെ കണ്ടശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇരുവരും. അറസ്റ്റ് ചെയ്തതിൽ വീഴ്ച പറ്റിയതാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് ഇന്നുതന്നെ അവരെ പുറത്തിറക്കാനുള്ള നടപടി അധികൃതരുടെ ഭാഗത്തുനിന്ന്് ഉണ്ടാകണമെന്ന് പികെ ശ്രീമതി മാധ്യമങ്ങളോട് പറഞ്ഞു.
കന്യാസ്ത്രീമാരുടെ ജയിൽവാസത്തിൽ ക്രെഡിറ്റ് എറ്റെടുക്കാൻ മത്സരം നടക്കുകയാണെന്നും പികെ ശ്രീമതി പറഞ്ഞു. രാജ്യത്ത് തീർത്തും അന്യായമായ കാര്യം നടക്കുമ്പോൾ യോജിച്ച് നിൽക്കുകയാണ് വേണ്ടത്. ഇന്ത്യാ മുന്നണി എന്ന ഒരു സംവിധാനം ഇവിടെയുണ്ട്. ഇടത് എംപിമാരോട് ആലോചിക്കാതെ യുഡിഎഫ് എംപിമാർ ഛത്തീസ്ഗഡിൽ വരികയായിരുന്നു. ഒരുമിച്ച് പോകാമെന്ന് കെ രാധാകൃഷ്ണൻ എംപി പറഞ്ഞിട്ടും അവർ കേട്ടില്ല. അവർ മാത്രം ഇവിടെ വന്നിട്ട് തങ്ങളാണ് എല്ലാത്തിനും മുൻകൈ എടുത്തതെന്ന് വരുത്തിതിർക്കാനുള്ള നാടകം പോലെയായിപ്പോയി ഇതെന്നും ശ്രീമതി പറഞ്ഞു.
'എന്തിനാണ് ഞങ്ങളെ ജയിലിലടച്ചതെന്ന് അവർക്ക് ചിന്തിക്കാൻ കഴിയുന്ന ഒന്നല്ല. ഒരു കുറ്റവും ചെയ്യാത്ത രണ്ടുപേരെ മതഭ്രാന്ത് പിടിപ്പെട്ട കുറെപ്പേർ ചേർന്ന് പിടിച്ചുകൊണ്ടുപോയി അറസ്റ്റ് ചെയ്തിട്ട് മനുഷ്യക്കടത്ത് എന്ന പേരിൽ കുറ്റമാരോപിച്ച് ജയിലിൽ അടയ്ക്കുകയെന്നത് വളരെ നിർഭാഗ്യകരമാണ്. അത് രാജ്യത്തിന്റെ ജനാധിപത്യത്തിനും ഭരണഘടനയ്ക്കുമേറ്റ കളങ്കമാണ്. ഛത്തീസ്ഗഡ് സർക്കാർ എത്രയും പെട്ടന്ന് തീരുമാനം അറിയിച്ചാൽ അവരെ എത്രയുംവേഗം ജയിൽ മോചിതരാക്കാനാകും'- പികെ ശ്രീമതി പറഞ്ഞു.
അറസ്റ്റിലായ വന്ദന സിസ്റ്റർ ഏഴുവർഷത്തിലേറെയായി നാരായൺപൂരിൽ പാവപ്പെട്ടവരെ സഹായിക്കുന്നുണ്ട്. പ്രായമായവരായതിനാൽ ജയിലിൽ നിലത്തുകിടന്നതിന്റെ ഭാഗമായി അവർക്ക് ശാരീരികാസ്വാസ്ഥ്യങ്ങളുണ്ടെന്നും ശ്രീമതി പറഞ്ഞു. 'ജയിലിൽ എത്തിയ ഞങ്ങളെ കെട്ടിപ്പിടിച്ച് അവർ പറഞ്ഞു. കേരളത്തിൽ നിന്ന് രണ്ടുസ്ത്രീകൾ വന്നതിൽ ഞങ്ങൾക്ക് വലിയ സന്തോഷമുണ്ട്. അവർ ഇന്ന് ജയിൽ മോചിതയാകുമെന്ന് പ്രതീക്ഷിക്കാം' പികെ ശ്രീമതി പറഞ്ഞു.