റോഡില്‍ പുലി, ഫോട്ടോയെടുക്കാന്‍ വാഹനത്തില്‍ നിന്ന് കൈ പുറത്തിട്ടു, പിന്നാലെ ആക്രമണം

ബംഗളൂരു: കർണാടകയിലെ ബന്നാർഗട്ട വന്യജീവി സങ്കേതം കാണാനെത്തിയ കുട്ടിയെ പുലി ആക്രമിച്ചു. ടൂറിസ്റ്റ് ഡിപ്പാർട്ടുമെന്റിന്റെ സഫാരി വാഹനത്തിൽ സഞ്ചരിക്കവെയാണ് പന്ത്രണ്ടുകാരന് പുലിയുടെ ആക്രമണം ഉണ്ടായത്. പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ പരിക്ക് സാരമല്ലെന്നാണ് റിപ്പോർട്ടുകൾ.


പുലി കുട്ടിയെ ആക്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചു. ദേശീയോദ്യാനത്തിലൂടെ സഞ്ചരിക്കുന്നതിനിടെ സഫാരി വാഹനത്തിലേക്ക് എത്തി വലിഞ്ഞാണ് സീറ്റിലിരിക്കുന്ന കുട്ടിയെ പുലി ആക്രമിക്കുന്നത്.


റോഡ് സൈഡിൽ പുലിയെ കണ്ടതോടെ ഡ്രൈവർ വാഹനം മെല്ലെയാക്കി. അതിനിടെ വാഹനത്തിലുണ്ടായിരുന്നവർ ഫോട്ടോ എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് പുലി ആക്രമിച്ചത്. ഇതേ തുടർന്ന് ഇന്നലെ പാർക്കിലെ സഫാരി നിർത്തിവച്ചു. സംഭവത്തിന് പിന്നാലെ എല്ലാ വാഹനങ്ങളിലും അടിയന്തരമായി സുരക്ഷ ഒരുക്കണമെന്നും കർണാടക സർക്കാർ നിർദേശിച്ചു.

Previous Post Next Post