ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീം പ്രഖ്യാപനം ചൊവ്വാഴ്ച, സഞ്ജുവും അഭിഷേകും ഓപ്പണിങ് ജോടി?, സൂര്യകുമാർ നയിച്ചേക്കും, സാധ്യതകൾ ഇങ്ങനെ

 

മുംബൈ: ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടി20 ടീമിനെ സൂര്യകുമാർ യാദവ് നയിച്ചേക്കുമെന്ന് റിപ്പോർട്ട്. ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ചൊവ്വാഴ്ച മുംബൈയിൽ പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. സെലക്ഷൻ കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാൻ സൂര്യകുമാർ യാദവ് ബംഗളൂരുവിൽ നിന്ന് മുംബൈയിലേക്ക് പോകും. സ്പോർട്സ് ഹെർണിയ ശസ്ത്രക്രിയയെത്തുടർന്ന് ആരോഗ്യം വീണ്ടെടുക്കാനും മത്സരത്തിലേക്ക് തിരിച്ചുവരുന്നതിനും സൂര്യകുമാർ നിലവിൽ ബിസിസിഐ സെന്റർ ഓഫ് എക്സലൻസിലാണ്. ഇതിനകം സൂര്യകുമാർ നെറ്റ്സിൽ ബാറ്റിങ് പ്രാക്ടീസ് തുടങ്ങിയിട്ടുണ്ട്.


'ഏഷ്യാ കപ്പിനുള്ള ടീമിനെ ഓഗസ്റ്റ് 19 ന് മുംബൈയിൽ തെരഞ്ഞെടുക്കും. സെലക്ഷൻ കമ്മിറ്റി യോഗത്തിന് ശേഷം ചീഫ് സെലക്ടറും മുൻ ഇന്ത്യൻ പേസറുമായ അജിത് അഗാർക്കറും പത്രസമ്മേളനം നടത്തും,'- ബിസിസിഐ വൃത്തങ്ങൾ പറഞ്ഞു. ശുഭ്മാൻ ഗില്ലിനെ വൈസ് ക്യാപ്റ്റനായി നിയമിക്കുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ശ്രേയസ് അയ്യർ, യശസ്വി ജയ്സ്വാൾ എന്നിവർക്ക് ടീമിൽ ഇടം ലഭിച്ചേക്കില്ല. ടെസ്റ്റ് ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സെലക്ടർമാർ യശസ്വി ജയ്സ്വാളിനോട് ആവശ്യപ്പെട്ടതായും റിപ്പോർട്ടുണ്ട്.


'ഓപ്പണിങ് ജോടിയിൽ സഞ്ജു സാംസണിലും അഭിഷേക് ശർമ്മയിലുമാണ് സെലക്ഷൻ കമ്മിറ്റി വിശ്വാസം പുലർത്തുന്നത്. ശുഭ്മാൻ ഗിൽ ടീമിൽ ഇടം നേടാൻ പോലും പാടുപെടുകയാണ്. ഇംഗ്ലണ്ട് പരമ്പരയിൽ മികച്ച പ്രകടനം കാഴ്ചവെച്ച യശസ്വി ജയ്സ്വാളും മധ്യനിര ബാറ്റ്സ്മാൻ ശ്രേയസ് അയ്യരും പോലും ടി20 ടീമിൽ ഇടം നേടിയേക്കില്ല. റെഡ് ബോൾ ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സെലക്ടർമാർ ജയ്സ്വാളിനോട് പറഞ്ഞിട്ടുണ്ട്,'- ബിസിസിഐ വൃത്തങ്ങൾ വെളിപ്പെടുത്തി.


ടി20യിൽ 36.90 ശരാശരിയിൽ 1,107 റൺസ് നേടിയിട്ടുള്ള ക്യാപ്റ്റൻ സൂര്യകുമാർ യാദവിന് 161.13 സ്‌ട്രൈക്ക് റേറ്റും എട്ട് അർദ്ധ സെഞ്ച്വറികളും ഉണ്ട്. ടി20 ലോകകപ്പ് വിജയത്തിന് ശേഷമുള്ള 75 റൺസാണ് അദ്ദേഹത്തിന്റെ ഏറ്റവും മികച്ച സ്‌കോർ. കഴിഞ്ഞ വർഷത്തെ ടി20 ലോകകപ്പിന് ശേഷം, ഗിൽ 22 മത്സരങ്ങളിൽ നിന്ന് 47.00 ശരാശരിയിൽ 893 റൺസ് നേടിയിട്ടുണ്ട്. 147 ൽ കൂടുതൽ സ്‌ട്രൈക്ക് റേറ്റും എട്ട് അർദ്ധസെഞ്ച്വറികളും നേടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ മികച്ച സ്‌കോർ 93 ആണ്. സഞ്ജു സാംസണിനും അഭിഷേക് ശർമ്മയ്ക്കും ശേഷം മികച്ച ഫോമിൽ തുടരുന്ന തിലക് വർമയും ടീമിൽ ഇടംനേടിയാൽ ഗില്ലിന് ടീമിൽ ഇടംനേടാൻ സാധ്യത കുറവാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

Previous Post Next Post