തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ഓഫീസുകളുടെ പ്രവർത്തി ദിനം ആഴ്ചയില്‍ അഞ്ച് ദിവസമാക്കാൻ സർക്കാർ ആലോചിക്കുന്നു.
ഇത് സംബന്ധിച്ച നടപടികള്‍ ആലോചിക്കാൻ സർക്കാർ സർവീസ് സംഘടനകളുടെ യോഗം സർക്കാർ വിളിച്ചു. സെപ്റ്റംബർ 11 ന് വൈകിട്ട് 3 ന് സെക്രട്ടറിയേറ്റ് ഡർബാർ ഹാളിലാണ് യോഗം.
സർക്കാരിന് മുന്നില്‍ ചില നിർദേശങ്ങള്‍ വന്നതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ സർവീസ് സംഘടനകളുടെ യോഗം വിളിച്ചിരിക്കുന്നത്. ഒരു സർവീസ് സംഘടനയില്‍ നിന്നും രണ്ട് പ്രതിനിധികള്‍ വീതം യോഗത്തില്‍ പങ്കെടുക്കാനാണ് പൊതുഭരണ വകുപ്പ് സെക്രട്ടറി നല്‍കിയ കത്തില്‍ നിർദ്ദേശിക്കുന്നത്.
ശനിയാഴ്ചയും അവധി നല്‍കണമെന്നും സർക്കാർ ഓഫീസുകളില്‍ ആഴ്ചയില്‍ അഞ്ച് പ്രവൃത്തിദിനം മതിയെന്നും നേരത്തേ ഭരണപരിഷ്കാര കമ്മിഷനും ശുപാർശ നല്‍കിയിരുന്നതാണ്. പ്രവൃത്തിദിനം കുറയ്ക്കുന്നതോടെ ജീവനക്കാരുടെ മാനസിക സമ്മർദ്ദം കുറയ്ക്കാനും കഴിയുമെന്നായിരുന്നു കമ്മിഷൻ വിലയിരുത്തിയത്.
അതേസമയം പൊതു അവധികളും കാഷ്വല്‍ ലീവും കുറയ്ക്കണമെന്നും ശുപാർശ ഉണ്ടായിരുന്നു. നിലവില്‍ രാവിലെ പത്ത് മുതല്‍ വൈകിട്ട് അഞ്ച് വരെയുള്ള ഓഫീസ് സമയം രാവിലെ ഒമ്ബത് മുതല്‍ വൈകിട്ട് അഞ്ചര വരെയാക്കാനായിരുന്നു നിർദേശം.
ജീവനക്കാർ ഓഫീസിലെത്തുന്ന സമയവും തിരികെ പോവുന്ന സമയവും രേഖപ്പെടുത്തി ശ്ചിത സമയം ജോലി ചെയ്യുന്നുവെന്ന് ഉറപ്പാക്കുകയും വേണമെന്ന് ഭരണപരിഷ്കാര കമ്മീഷൻ നിർദ്ദേശിച്ചിരുന്നു.
ശനിയാഴ്ച അവധി ദിവസമാവുന്നതോടെ ഇപ്പോള്‍ നിലവിലുള്ള 20 കാഷ്വല്‍ ലീവ് 12 ആക്കാനാണ് ശുപാർശ. മറ്റ് അവധികളെ പൊതു അവധി, പ്രത്യേക അവധി, നിയന്ത്രിത അവധി എന്നിങ്ങനെ മൂന്നായി തിരിക്കും.