ആരും രാജി ആവശ്യപ്പെട്ടില്ല; ഒഴിയുന്നത് പാർട്ടി പ്രവർത്തകരെ സഹായിക്കാൻ: ആരോപണങ്ങൾ നിഷേധിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

 

തിരുവനന്തപുരം: ഹൈക്കമാൻഡോ സംസ്ഥാന നേതൃത്വമോ ആവശ്യപ്പെട്ടിട്ടല്ല, കോൺഗ്രസ് പ്രവർത്തകരെ സഹായിക്കാൻ ധാർമികതയുടെ പേരിലാണ് യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിയുന്നതെന്ന് പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിയാൻ തന്നോട് പാർട്ടി ആവശ്യപ്പെട്ടിട്ടില്ല. ആരോപണങ്ങൾ ഉയർന്നപ്പോൾ പ്രതിപക്ഷ നേതാവുമായും കെപിസിസി പ്രസിഡന്റുമായി ദേശീയ നേതൃത്വവുമായി സംസാരിച്ചു. ആരും തന്റെ രാജി ആവശ്യപ്പെട്ടിട്ടില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ മാധ്യമങ്ങളോട് പറഞ്ഞു.


നീതിന്യായ സംവിധാനത്തിന് മുൻപിൽ തനിക്കെതിരെ ആരും പരാതിയും നൽകിയിട്ടില്ല. എങ്കിലും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെയ്ക്കുന്നു. കുറ്റം ചെയ്തത് കൊണ്ടല്ല, ധാർമികതയുടെ പേരിലാണ് രാജി. കോൺഗ്രസ് പ്രവർത്തകരെ സഹായിക്കാൻ വേണ്ടിയാണ് തന്റെ രാജി. തന്നെ ന്യായികരിക്കേണ്ട ബാധ്യതയല്ല പാർട്ടി പ്രവർത്തകർക്ക് ഉള്ളത്. പാർട്ടി പ്രവർത്തകർക്ക് ഇതിനുള്ള സമയം അല്ല ഉള്ളത്. പാർട്ടി പ്രവർത്തകർ ആർജവത്തോട് കൂടി ഈ സർക്കാരിന്റെ കൊള്ളരുതായ്മകൾക്കെതിരെ ആഞ്ഞടിക്കും. അതിൽ താനും പങ്കാളിയാകും. സൈബറിടത്തിലും തെരുവിലും പ്രക്ഷോഭങ്ങളിലും മാധ്യമങ്ങളിലും ആഞ്ഞടിക്കും. കോൺഗ്രസ് പ്രവർത്തകർ ഇത്തരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിക്കുമ്പോൾ മറുവശത്ത് താൻ തന്റെ നിരപരാധിത്വം തെളിയിക്കാൻ ഒറ്റയ്ക്ക് പോരാടുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.


'യുവ നടി എന്റെ സുഹൃത്ത്. യുവനടി എന്നെ കുറിച്ചാണ് പറഞ്ഞത് എന്ന് ഞാൻ വിചാരിക്കുന്നില്ല. വിശ്വസിക്കുന്നുമില്ല. എന്റെ പേര് പറഞ്ഞിട്ടില്ല എന്നാണ് മനസിലാക്കുന്നത്. മാധ്യമങ്ങളാണ് എന്റെ പേര് നൽകിയത്. നിയമസംവിധാനത്തിനും ഭരണഘടനയ്ക്കും വിരുദ്ധമായി എന്റെ ഭാഗത്ത് നിന്ന് ഒരു പ്രവൃത്തിയും ഉണ്ടായിട്ടില്ല. നിയമവിരുദ്ധമായി ഞാൻ എന്തെങ്കിലും ചെയ്തതായി ആരും പരാതിയും നൽകിയിട്ടില്ല. നീതിന്യായ സംവിധാനങ്ങളിൽ ഞാൻ എന്റെ നിരപരാധിത്വം തെളിയിക്കുകയും ചെയ്യും. ഇന്നത്തെ കാലത്ത് ഓഡിയോ ക്ലിപ്പ് സാധ്യമല്ലാത്ത കാര്യമല്ല. ഗർഭച്ഛിദ്രം നടത്താൻ ഞാൻ നിർബന്ധിച്ചു എന്ന പരാതി വന്നിട്ടുണ്ടോ? ഗർഭച്ഛിദ്രം നടത്താൻ പ്രേരിപ്പിച്ചു എന്ന പരാതി ഏതെങ്കിലും വ്യക്തി പറഞ്ഞിട്ടുണ്ടോ? ആരും പരാതി നൽകിയിട്ടില്ല. പരാതി നൽകുമ്പോൾ എന്റെ നിരപരാധിത്വം തെളിയിക്കാൻ ഞാൻ പോരാടും'- രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

Previous Post Next Post