പാലക്കാട് വ്യാസ വിദ്യാപീഠം സ്‌കൂളിലെ സ്ഫോടനം; കർശന നടപടിയെന്ന് ശിവൻകുട്ടി; റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം

 

പാലക്കാട്: പാലക്കാട് വ്യാസ വിദ്യാപീഠം സ്‌കൂളിന്റെ സമീപം സ്ഫോടക വസ്തുക്കൾ കണ്ടെത്തിയതിലും ഇതിലൊന്ന് പൊട്ടിത്തെറിച്ച് വിദ്യാർഥിക്ക് പരിക്കേറ്റതുമായ സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. സംഭവം സർക്കാർ വളരെ ഗൗരവമായാണ് കാണുന്നതെന്നും ഇക്കാര്യം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകിയതായും മന്ത്രി അറിയിച്ചു.


ഇന്നലെ വൈകീട്ടാണ് പാലക്കാട് വ്യാസാ വിദ്യാപഠം പ്രൈമറി സിബിഎസ്ഇ സ്‌കുളിന് സമീപത്തുനിന്നും സ്‌ഫോടക വസ്തുക്കൾ കണ്ടെടുത്തത്. സംഭവത്തിൽ പാലക്കാട് ടൗൺ നോർത്ത് പൊലീസ് എക്സ്പ്ലോസീവ് സബ്സ്റ്റാൻസസ് ആക്ട്, ജുവനൈൽ ജസ്റ്റിസ് ആക്ട്, എന്നിവ പ്രകാരം കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. പൊട്ടിയത് മാരകമായ സ്ഫോടക വസ്തുവാണെന്നും മനുഷ്യജീവന് അപകടം വരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് സ്ഫോടക വസ്തു സ്‌കൂളിൽ വച്ചതെന്നും പൊലീസ് എഫ്‌ഐആറിൽ പറയുന്നു.


ആർഎസ്എസ് നിയന്ത്രണത്തിലുള്ള സ്‌കൂളാണിത്. പത്തുവയസുകാരനാണ് സംഭവം ആദ്യം കണ്ടത്. പന്താണെന്ന് കരുതി തട്ടിത്തെറിപ്പിച്ചപ്പോഴാണ് വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചത്. കുട്ടിയ്ക്കും സമീപത്തുണ്ടായിരുന്ന സ്ത്രീക്കും പരിക്കേറ്റു. സംഭവത്തിൽ ഗുഢാലോചനയുണ്ടെന്ന് ബിജെപി നേതാവ് സി കൃഷ്ണകുമാർ പറഞ്ഞു.

Previous Post Next Post