തിരുവനന്തപുരം: സിനിമാ കോൺക്ലേവ് സമാപന വേദിയിലെ വിവാദ പരാമർശത്തിൽ സംവിധായകൻ അടൂർ ഗോപാലകൃഷ്ണനെതിരെ പരാതി. സാമൂഹിക പ്രവർത്തകൻ ദിനു വെയിൽ ആണ് തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. അടൂരിന്റെ പരാമർശങ്ങൾ എസ് സി / എസ് ടി ആക്ട് പ്രകാരം കുറ്റകരമാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. എസ് സി / എസ് ടി കമ്മീഷനും പരാതി നൽകിയിട്ടുണ്ട്.
അടൂർ ഗോപാലകൃഷ്ണൻ നടത്തിയത് പട്ടികജാതി- പട്ടിക വിഭാഗക്കാർക്കെതിരെ വിദ്വേഷം പ്രോത്സാഹിപ്പിക്കുന്ന പരാമർശമാണ്. പൊതു വേദിയിൽ പട്ടികജാതി- പട്ടിക വർഗ വിഭാഗത്തിൽപ്പെട്ടവരെ അവഹേളിക്കുന്ന തരത്തിലുള്ള പ്രസ്താവനയാണ് അടൂർ ഗോപാലകൃഷ്ണന്റേത്. വിവാദ പ്രസ്താവനയിൽ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.
പട്ടികജാതി വിഭാഗത്തിൽ നിന്ന് സിനിമയെടുക്കാൻ വരുന്നവർക്ക് കുറഞ്ഞത് മൂന്നുമാസമെങ്കിലും വിദഗ്ധരുടെ കീഴിൽ പരിശീലനം നൽകണമെന്നായിരുന്നു അടൂർ ഗോപാലകൃഷ്ണൻ ഫിലിം കോൺക്ലേവ് വേദിയിൽ ആവശ്യപ്പെട്ടത്. ചലച്ചിത്ര വികസന കോർപ്പറേഷൻ വെറുതെ പണം കളയരുത്. ഒന്നര കോടി നൽകുന്നത് വളരെ കൂടുതലാണ്. പലരും ചെയ്തത് നിലവാരമില്ലാത്ത സിനിമകളാണെന്നും അടൂർ പറഞ്ഞു. സ്ത്രീകളായത് കൊണ്ട് മാത്രം അവസരം കൊടുക്കരുതെന്നും അടൂർ കൂട്ടിച്ചേർത്തു. അടൂരിന്റെ പ്രസ്താവനക്കെതിരെ അതിരൂക്ഷ വിമർശനമാണ് ഉയരുന്നത്.