മലപ്പുറം: മുസ്ലീം ലീഗ് നേതാവ് പികെ ഫിറോസിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കുമെന്ന് കെടി ജലീല്‍ എംഎല്‍എ. മുസ്ലിം ലീഗ് എന്ന പാര്‍ട്ടി മയക്കുമരുന്ന് കച്ചവടക്കാരുടേയും സാമ്പത്തിക തട്ടിപ്പുകാരുടേയും പാര്‍ട്ടിയായി മാറിയതായും ജീവിതത്തില്‍ സൂക്ഷ്മത പുലര്‍ത്തിയ നേതാക്കളുണ്ടായിരുന്ന പാര്‍ട്ടി ഇന്ന് മയക്കുമരുന്ന് കച്ചവടക്കാരുടേയും സാമ്പത്തിക തട്ടിപ്പുകാരുടേയും വിഹാര കേന്ദ്രമാണെന്നും കെടി ജലീല്‍ മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പികെ ഫിറോസിന്റെ സഹോദരന്‍ എത്രയോ നാളായി രാസലഹരി ഉപയോഗിക്കുന്നു. ഇതറിഞ്ഞിട്ടും എന്തുകൊണ്ട് ഫിറോസ് പൊലീസിലോ എക്‌സൈസിലോ പരാതിപ്പെട്ടില്ല നൂറ് കണക്കിന് ചെറുപ്പക്കാരെ വഴിതെറ്റിച്ച സഹോദരനെ എന്തുകൊണ്ട് ഫിറോസ് നിയന്ത്രിച്ചില്ല. അദ്ദേഹം അത് ചൂണ്ടിക്കാട്ടി കൊടുക്കുകയല്ലേ വേണ്ടിയിരുന്നത്. മുസ്ലിം ലീഗ് നടത്തിയ ലഹരി വിരുദ്ധ ക്യാംപയിന് നല്ല പ്രചാരം കിട്ടി. ആ ക്യാംപയിന്‍ തീരുമാനിക്കും മുന്‍പെങ്കിലും എന്തുകൊണ്ട് ഫിറോസ് അത് പുറംലോകത്തെ അറിയിച്ചില്ല. അറിഞ്ഞുകൊണ്ട് ഒരു വസ്തുത മറിച്ചുവെച്ചത് തെറ്റ്. ഇക്കാര്യത്തില്‍ അദ്ദേഹത്തിനെതിരെ കേസ് എടുക്കാമല്ലോയെന്നും കെടി ജലീല്‍ പറഞ്ഞു.
മതവും ദീനും ഉദ്ധരിച്ച് പ്രസംഗിക്കുന്നയാള്‍ മയക്കുമരുന്നിന് അടിമയായ ഒരാള്‍ വീട്ടില്‍ ഉണ്ടായിട്ട് എന്തുകൊണ്ട് അത് സമൂഹത്തെ അറിയിച്ചില്ല എന്നതിന് ഫിറോസും പാര്‍ട്ടിയും മറുപടി പറയണമെന്നും പികെ ഫിറോസിന് ഈ ലഹരി ഇടപാടില്‍ പങ്കുണ്ട് എന്നുപറഞ്ഞാല്‍ തെറ്റ് പറയാനാവുമോ എന്നും കെടി ജലീല്‍ കൂട്ടിച്ചേര്‍ത്തു. ഒരുപണിയുമില്ലാത്ത ഫിറോസ് എങ്ങനെ ഇത്രയും വില കൊടുത്ത് സ്ഥലം വാങ്ങി ഇത്രയും വലിയ വീട് വെച്ചു. എന്താണ് ഫിറോസിന് ജോലി എന്താണ് വരുമാനം. വിദേശ ബിസിനസ് ഉണ്ടോ ഉണ്ടെങ്കില്‍ എന്താണ് നിക്ഷേപം ആ പണം എവിടുന്ന് കിട്ടി എന്നും കെടി ജലീല്‍ ചോദിച്ചു. ഒരു കോടി രൂപയുടെ വീടാണ് വച്ചത്. ഹൈവയിലുള്ള പതിനഞ്ച് സെന്റില്‍ ഒരു സെന്റിന് പത്ത് ലക്ഷത്തിലധികം രൂപ വരുമെന്നും ജലീല്‍ പറഞ്ഞു.
ലീഗിന്റെ നേതാക്കള്‍ ലഹരിക്കേസിലും സാമ്പത്തിക തട്ടിപ്പിലും കുടുങ്ങുന്നുവെന്നും നേതാക്കളെ കയറൂരി വിട്ടിരിക്കുകയാണോ എന്നും ജലീല്‍ പറഞ്ഞു. മലപ്പുറം ജില്ലയില്‍ സാമ്പത്തിക തട്ടിപ്പ് കൂടുന്നു. മുഖപത്രം പോലും സാമ്പത്തിക തട്ടിപ്പിന് ഉപയോഗിച്ചു. ഇതിന് വെള്ളം വളവും കൊടുക്കുകയാണ് മുസ്ലിം ലീഗ് എന്നും കെടി ജലീല്‍ പറഞ്ഞു. താന്‍ ഇതെല്ലാം പറയുന്നത് ബോധ്യങ്ങളുടെ അടിസ്ഥാനത്തിലാണ്. വേറെ ആരെങ്കിലും പറഞ്ഞാല്‍ മുസ്ലീം വിരുദ്ധമായി രംഗത്തുവരില്ലേ?. രാഷ്്ട്രീയ എതിരാളികളെ കള്ളത്തരം പറഞ്ഞ് അപമാനിച്ചവര്‍ക്കൊക്കെ കിട്ടും. ഖുആര്‍ ആനില്‍ വച്ച് കടത്തി എന്നെക്കെ തന്നെ പറ്റിപ്പറഞ്ഞാല്‍ പടച്ചോന്‍ പൊറുക്കുമോ?. ജീവിതത്തില്‍ ഇന്നുവരെ താന്‍ മദ്യം പോലും കുടിച്ചിട്ടില്ല. ഫിറോസിനോട് തനിക്ക് ഒരു വ്യക്തി വൈരാഗ്യവും ഇല്ല. താന്‍ ഇരുന്ന സ്ഥാനമാണ് യൂത്ത് ലീഗ് ജനറല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി. ആ സ്ഥാനത്ത് ഇരുന്ന് ഇങ്ങനെ തോന്നിവാസം കാണിക്കുമ്പോള്‍ താനല്ലാതെ ആരാണ് പറയേണ്ടതെന്നും ജലീല്‍ ചോദിച്ചു.