സ്വകാര്യ ബസുകളുടെ അമിതവേഗവും മത്സരയോട്ടവും നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ മോട്ടോർ വാഹന വകുപ്പ് കൊണ്ടുവന്ന നിയന്ത്രണങ്ങള്‍ ശരിവെച്ച് ഹൈക്കോടതി.
ഡ്രൈവർക്കും കണ്ടക്ടർക്കും പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്, ബസിന്റെ മുൻപിലും പിൻപിലും ഉള്ളിലും കാമറ, വാഹനം എവിടെ എത്തിയെന്ന് കൃത്യമായി അറിയാൻ കഴിയുന്ന ജിയോ ഫെൻസിങ് സംവിധാനം എന്നിവ വേണമെന്ന നിർദ്ദേശങ്ങളാണ് ഹൈക്കോടതി ശരിവെച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ നിർദ്ദേശങ്ങള്‍ നല്‍കി സംസ്ഥാന മോട്ടോർ വാഹന അതോറിറ്റി കഴിഞ്ഞ ജനുവരിയിലെടുത്ത തീരുമാനവും ഇതിന് തുടർച്ചയായി ട്രാൻസ്പോർട്ട് കമ്മിഷണർ കഴിഞ്ഞ ഏപ്രിലില്‍ പുറപ്പെടുവിച്ച സർക്കുലറും ചോദ്യംചെയ്യുന്ന ഹർജികള്‍ തള്ളിയാണ് ജസ്റ്റിസ് സി.പി.മുഹമ്മദ് നിയാസിന്റെ ഉത്തരവ്.