കോഴിക്കോട്: തൃശൂർ ലോക്‌സഭയിലെ വ്യാജവോട്ട് ആരോപണത്തിന് പിന്നാലെ കലക്ടർ കൃഷ്ണതേജിനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് കെ മുരളീധരൻ. കലക്ടർക്ക് പരാതി നൽകിയിട്ടും മൗനം പാലിച്ചുവെന്ന് മുരളീധരൻ പറഞ്ഞു. വ്യാജവോട്ട് ചെയ്യാനെത്തിയവരെ കോൺഗ്രസ് പ്രവർത്തകർ തടഞ്ഞപ്പോൾ അവർക്ക് വോട്ട് ചെയ്യാൻ അവകാശമുണ്ടെന്ന് പറഞ്ഞ് കലക്ടർ അനുവദിക്കുകയായിരുന്നെന്നും മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.
ധാർമികതയുണ്ടെങ്കിൽ സുരേഷ് ഗോപി എംപി സ്ഥാനം രാജിവയ്ക്കണം. സുരേഷ് ഗോപി ഇപ്പോൾ പാർലമെന്റിലും ഇല്ല, തൃശൂരിലും ഇല്ല. ഫെയ്‌സ്ബുക്കിൽ മാത്രമാണ് ഉള്ളത്. പാർലമെന്റിന്റെ ഒരു വിഷ്വൽസിലും സുരേഷ് ഗോപിയെ കാണാനില്ലെന്നും മുരളീധരൻ പരിഹസിച്ചു.
തൃശൂരിലെ വ്യാജവോട്ടിൽ കോൺഗ്രസ് തെരഞ്ഞെടുപ്പ് സമയത്ത് തന്നെ പരാതി നൽകിയിരുന്നു. എന്നാൽ ഒരു നടപടിയും കലക്ടറുടെ ഭാഗത്തുനിന്നുണ്ടായില്ല. ബിജെപിയും കലക്ടറും തമ്മിലുള്ള ഡീലാണ് ഉണ്ടായത്. ഇലക്ഷൻ കഴിഞ്ഞതിന് പിന്നാലെ കലക്ടറെ ആന്ധ്ര ഉപമുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചത് ഡീലിന്റെ ഭാഗമാണെന്നും മുരളീധരൻ പറഞ്ഞു. ആലത്തൂർ, ചാലക്കുടി എന്നിവിടങ്ങളിലാണ് വ്യാപകമായി വ്യാജ വോട്ടുകൾ ചേർത്തത്. ഇതിന്റെ ഭാഗമായാണ് ചാലക്കുടിയിൽ ബിഡിജെഎസ് സ്ഥനാർഥിക്ക് ചാലക്കുടിയിൽ വൻതോതിൽ വോട്ടുചേർച്ച ഉണ്ടായെന്നും കെ മുരളീധരൻ പറഞ്ഞു.