തദ്ദേശ തെരഞ്ഞെടുപ്പ്: വോട്ടര്‍ പട്ടികയില്‍ ഇന്നു കൂടി പേരു ചേര്‍ക്കാം; നീട്ടി നല്‍കിയ സമയം ഇന്നവസാനിക്കും

തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയില്‍ പേര് ചേർക്കുന്നതിനും ഒഴിവാക്കുന്നതിനും തിരുത്തലുകള്‍ വരുത്തുന്നതിനുമായി നീട്ടി നല്‍കിയ സമയം ഇന്ന് അവസാനിക്കും.

ഇന്നു വൈകീട്ട് അഞ്ച് മണിവരെ വോട്ടർമാർക്ക് അപേക്ഷ നല്‍കാവുന്നതാണ്.

വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും തിരുത്തല്‍ വരുത്തുന്നതിനും www.sec.kerala.gov.in എന്ന വെബ്‌സൈറ്റോ നിങ്ങളുടെ തദ്ദേശസ്വയംഭരണസ്ഥാപനമോ സന്ദര്‍ശിക്കാവുന്നതാണ്. 2025 ജനുവരി ഒന്നിനോ മുന്‍പോ 18 വയസ് പൂര്‍ത്തിയായവര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം.

തിങ്കളാഴ്ച വൈകിട്ട് വരെ 32 ലക്ഷത്തില്‍ കൂടുതല്‍ അപേക്ഷകളാണ് വിവിധ മാറ്റങ്ങള്‍ക്കായി നല്‍കിയത്. ഇതില്‍ 27 ലക്ഷത്തില്‍ കൂടുതല്‍ പേർ പട്ടികയില്‍ പേര് ഉള്‍പ്പെടുത്താൻ അപേക്ഷ നല്‍കിയവരാണ്. ഈ മാസം 30ന് അന്തിമപട്ടിക പ്രസിദ്ധീകരിക്കും.

കരട് പട്ടിക എല്ലാ തദ്ദേശസ്ഥാപനങ്ങളിലും വില്ലേജ്, താലൂക്ക് ഓഫീസുകളിലും സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്റെ വെബ്‌സൈറ്റിലും പരിശോധനക്ക് ലഭിക്കും. കരട് പട്ടികയില്‍ വ്യാപക പിഴവുകളുണ്ടായ സാഹചര്യത്തില്‍ 15 ദിവസം കൂടി നീട്ടണമെന്നായിരുന്നു പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നത്.
Previous Post Next Post