തിരുവനന്തപുരം: ആരോഗ്യ രംഗത്തെ കൊട്ടിഘോഷിക്കപ്പെട്ട കേരള മോഡലിനെ കൂടുതൽ പ്രതിസന്ധികളിലേക്ക് തള്ളിവിടുകയാണ് കേരള സർക്കാരെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ . സത്യസന്ധരായ ജീവനക്കാർക്കെതിരെ ആരോപണങ്ങളുയർത്തി, സ്വന്തം വീഴ്ചകളിൽ നിന്ന് തലയൂരാനുള്ള സർക്കാരിന്റെ ശ്രമം തകർന്നുവീണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്ന് കാണാതായെന്ന് മന്ത്രി വീണാ ജോർജ് വെളിപ്പെടുത്തിയ ഉപകരണം ഓപ്പറേഷൻ തിയേറ്ററിൽത്തന്നെ ഉണ്ടെന്ന് കണ്ടെത്തിയിരിക്കുന്നു. ഇങ്ങനെ നുണകൾ ഓരോന്നായി പൊളിഞ്ഞുവീഴുമ്പോഴും മെഡിക്കൽ കോളജിലെ ദയനീയാവസ്ഥ പുറംലോകത്തെ അറിയിച്ച ഡോ. ഹാരിസ് ചിറക്കലിനെ വീണ്ടും സംശയനിഴലിൽ നിർത്താനാണ് സർക്കാരിന്റെ ശ്രമം. ഇത് ക്രൂരതയാണ്. അടിസ്ഥാന സൗകര്യങ്ങളും മതിയായ ജീവനക്കാരുമില്ലാതെ വീർപ്പുമുട്ടുന്ന സർക്കാർ ആശുപത്രികളെ അല്പമെങ്കിലും പിടിച്ചുനിർത്തുന്നത് കാര്യക്ഷമതയോടെ ജോലി ചെയ്യുന്ന ജീവനക്കാരാണ്. വ്യാജ ആരോപണങ്ങൾ ഉന്നയിച്ചും കേസെടുത്തും അവരുടെ മനോവീര്യം തകർക്കുന്ന സർക്കാർ നടപടി ഈ മേഖലയെ കൂടുതൽ തകർച്ചയിലേക്ക് തള്ളിവിടുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാതെ, കൂടുതൽ വഷളാക്കുന്ന ആരോഗ്യമന്ത്രി കേരളത്തിന് അപമാനമാണ്. അനാസ്ഥയുടെയും അഴിമതിയുടെയും പ്രതിരൂപമായ വീണാ ജോർജ് രാജിവയ്ക്കുകയാണ് ഇതിനുള്ള പോംവഴി. ഈ ദുരവസ്ഥയ്ക്ക് മാറ്റമുണ്ടായെ തീരൂ എന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.