റായ്പൂർ: ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം നൽകുന്നതിനെ എതിർത്ത് പ്രോസിക്യൂഷൻ. പ്രീതി മേരി, വന്ദന ഫ്രാൻസിസ് എന്നിവരുടെ ജാമ്യാപേക്ഷയിൽ ബിലാസ്പൂർ എൻഐഎ കോടതി നാളെ വിധി പറയും.
കഴിഞ്ഞ ദിവസം ഇരുവരുടെയും ജാമ്യാപേക്ഷ സെഷൻസ് കോടതി തള്ളിയിരുന്നു. കേസ് പരിഗണിക്കാൻ അധികാരമില്ലെന്ന് വ്യക്തമാക്കിയ കോടതി ബിലാസ്പുരിലെ എൻഐഎ കോടതിയെ സമീപിക്കാൻ നിർദേശിക്കുകയായിരുന്നു. കേസിൽ ആരോപിച്ചിരിക്കുന്ന മനുഷ്യക്കടത്ത്, നിർബന്ധിത മതപരിവർത്തനം എന്നീ കുറ്റങ്ങൾ അധികാരപരിധിയിലല്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.
ഛത്തീസ്ഗഡിലെ ദുർഗിൽ മനുഷ്യക്കടത്ത് ആരോപിച്ചാണ് സിസ്റ്റർ വന്ദന ഫ്രാൻസിസ്, സിസ്റ്റർ പ്രീതി മേരി എന്നിവരെ അറസ്റ്റ് ചെയ്തത്. ഇവരുടെ കൂടെയുണ്ടായിരുന്ന യുവതികളെയും പൊലീസ് പിടികൂടിയിരുന്നു. ഇതിനിടെ കന്യാസ്ത്രീകളെയും യുവതികളെയും ബജ്റങ്ദൾ പ്രവർത്തകർ സമാന്തരമായി ചോദ്യം ചെയ്‌തെന്ന ആരോപണവും ഉയർന്നു. മതപരിവർത്തനം നടന്നിട്ടില്ലെന്നും രക്ഷിതാക്കളുടെ സമ്മതത്തോടെയാണു പെൺകുട്ടികൾ യാത്ര ചെയ്തതെന്നും അസീസി സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹവും വ്യക്തമാക്കിയിരുന്നു.
കന്യാസ്ത്രീകളെ അറസ്റ്റു ചെയ്ത പശ്ചാത്തലത്തിൽ ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ സിബിസിഐ പ്രസിഡന്റ് മാർ ആൻഡ്രൂസ് താഴത്തുമായി കൂടിക്കാഴ്ച നടത്തി. അറസ്റ്റിൽ വേദനയും അമർഷവും ഉണ്ടെന്നും, എത്രയും വേഗം കന്യാസ്ത്രീകളുടെ മോചനം സാധ്യമാക്കണമെന്നും മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു. കന്യാസ്ത്രീകളുടെ അറസ്റ്റ് ഭരണഘടനയ്ക്കും മതസ്വാതന്ത്ര്യത്തിനും എതിരാണെന്ന് മാർ ആൻഡ്രൂസ് താഴത്ത് ചർച്ചയ്ക്കുശേഷം മാധ്യമങ്ങളോട് പറഞ്ഞു.
ക്രൈസ്തവർക്കെതിരെ വിവേചനം ഉണ്ട്. കന്യാസ്ത്രീകളെ എത്രയും വേഗം ജയിൽമോചിതരാക്കണം. ന്യൂനപക്ഷങ്ങൾക്ക് നീതിയും സുരക്ഷിതത്വവും ലഭിക്കണം. രാജീവ് ചന്ദ്രശേഖറിന്റെ സന്ദർശനത്തിൽ സന്തോഷമുണ്ട്. സഭയ്ക്ക് രാഷ്ട്രീയമില്ല. കന്യാസ്ത്രീകളോടൊപ്പമുള്ള കുട്ടികൾ പ്രായപൂർത്തിയായവരാണെന്നും മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു.
പ്രശ്‌നം പരിഹരിക്കാൻ ഇടപെടൽ നടക്കുകയാണെന്ന് രാജീവ് ചന്ദ്രശേഖർ മാധ്യമങ്ങളോട് പറഞ്ഞു. പ്രധാനമന്ത്രിയുമായി ഇക്കാര്യം സംസാരിച്ചു. ജാമ്യം കിട്ടുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നൽകി. ആഭ്യന്തരമന്ത്രി അമിത്ഷായും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. ഛത്തീസ്ഗഡ് സർക്കാർ ജാമ്യത്തെ എതിർക്കില്ലെന്ന് ഇരുവരും അറിയിച്ചു. ഇതിൽ രാഷ്ട്രീയം കാണരുത്. ജനങ്ങളെ സഹായിക്കാൻ രാഷ്ട്രീയമോ മതമോ ബിജെപി നോക്കില്ല. അറസ്റ്റ് ഒരു തെറ്റിദ്ധാരണയെ തുടർന്നായിരുന്നു.
ഛത്തീസ്ഗഡിൽ മതപരിവർത്തനത്തിനെതിരെ നേരത്തെ നിയമം ഉണ്ട്. നിയമം പാലിക്കണമെന്നാണ് അവിടെയുള്ള സർക്കാർ ആഗ്രഹിക്കുന്നത്. പെൺകുട്ടികൾ ജോലിയുടെ ഭാഗമായി മറ്റൊരു ജില്ലയിൽ പോകണമെങ്കിൽ പോലും പോർട്ടലിൽ റജിസ്റ്റർ ചെയ്യണം. അത് നടന്നില്ല. ഛത്തീസ്ഗഡ് സർക്കാർ ജാമ്യത്തെ എതിർക്കില്ല എന്ന് പറഞ്ഞിട്ടുണ്ട്. വേഗത്തിൽ മോചനം സാധ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു. ആരും രാഷ്ട്രീയ നാടകം കളിക്കരുതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.