പാലക്കാട്: പരാതിക്കാരെ ആരെയും താൻ അധിക്ഷേപിച്ചിട്ടില്ലെന്ന് വി കെ ശ്രീകണ്ഠൻ എം പി. താൻ ആരെയും അപമാനിച്ചിട്ടില്ല. താൻ പറഞ്ഞത് തെറ്റായി വളച്ചൊടിച്ച്, ചർച്ചയാക്കി മാറ്റുകയാണ്. തന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു. പരാതി പറയുന്നവരെയോ, ആക്ഷേപം പറയുന്നവരെയോ അപമാനിക്കുന്നത് ഞങ്ങളുടെ സംസ്‌കാരമല്ല. ആർക്കെങ്കിലും തെറ്റായി തോന്നിയിട്ടുണ്ടെങ്കിൽ അത് പിൻവലിക്കുകയാണ്. സ്ത്രീത്വത്തെ അപമാനിക്കുന്ന രീതി തനിക്കില്ല. അത്തരത്തിൽ ആർക്കെങ്കിലും തോന്നിയെങ്കിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കുകയാണെന്നും വി കെ ശ്രീകണ്ഠൻ പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിലിനെ വെള്ളപൂശാനോ, സംരക്ഷിക്കാനോ താൻ ശ്രമിച്ചിട്ടില്ല. രാഹുലിനെതിരെ ആരോപണം ഉയർന്നു വന്നപ്പോൾ അപ്പോൾ തന്നെ പാർട്ടി നടപടിയെടുത്തു എന്നാണ് പറഞ്ഞത്. അദ്ദേഹത്തിനെതിരായ ആരോപണം രേഖാമൂലമല്ല. പൊലീസ് സ്റ്റേഷനിലോ നിയമവ്യവസ്ഥയുടെ മുമ്പിലോ ഇല്ല. എന്നിട്ടും കോൺഗ്രസ് പാർട്ടി പെട്ടെന്നു തന്നെ നടപടിയെടുത്തു. നിയമ നീതിന്യായ വ്യവസ്ഥയ്ക്ക് മുമ്പിൽ വന്ന്, കുറ്റക്കാരനാണെന്ന് കണ്ടാൽ ഏതു ഉന്നത നേതാവായാലും കർശന നടപടി സ്വീകരിക്കുമെന്നാണ് പറഞ്ഞത്.
രാഹുലിനെതിരായ പരാതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാധ്യമങ്ങൾ ചോദിച്ചപ്പോൾ പരാതിക്കാരെക്കുറിച്ച് വിശദമായി അന്വേഷിക്കണം, രാഷ്ട്രീയ ഗൂഢാലോചനയുണ്ടോയെന്ന് അന്വേഷിക്കണം എന്നാണ് താൻ പറഞ്ഞത്. മന്ത്രിമാർക്ക് ഒപ്പം നിൽക്കുന്ന ചിത്രങ്ങൾ മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചത് കണ്ടില്ലേ. അവരുടെ മറ്റു ഫോട്ടോസും മാധ്യമങ്ങളല്ലേ പ്രസിദ്ധീകരിച്ചത് എന്നാണ് താൻ ചോദിച്ചത്. സോഷ്യൽ മീഡിയകളിലും അവരുടെ ചിത്രങ്ങൾ വരുന്നുണ്ട്. അവരുടെ രാഷ്ട്രീയ പശ്ചാത്തലവും ഗൂഢാലോചനയുണ്ടോയെന്നും അന്വേഷിക്കണമെന്നാണ് പറഞ്ഞത്.
പരാതി പറയുന്നവരെ പ്രതിസ്ഥാനത്തു നിർത്തുകയോ, അധിക്ഷേപിക്കുകയോ ചെയ്യുന്നത് കോൺഗ്രസിന്റെ രീതിയല്ല. ഒരിക്കലും വനിതയെയോ പുരുഷനെയോ അപമാനിക്കുന്ന ശൈലി തനിക്കില്ല. പൊതുപ്രവർത്തന ജീവിതത്തിനിടെ ഒരിക്കലും താൻ ഒരു സ്ത്രീയോടും മോശമായിട്ട് താൻ പറഞ്ഞിട്ടില്ല. സത്യത്തിൽ ഇപ്പോഴത്തേത് പുകമറയാണ്. രേഖാമൂലം പരാതി നൽകാതെ തന്നെ കോൺഗ്രസ് നടപടിയെടുത്തു എന്നാണ് പറഞ്ഞത്. ഗുരുതരമായ കുറ്റം ഒരാൾ ചെയ്താൽ ഒരിക്കലും ന്യായീകരിക്കില്ലെന്നുമാണ് താൻ പറഞ്ഞതെന്നും വി കെ ശ്രീകണ്ഠൻ വ്യക്തമാക്കി.
നേരത്തെ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രാഷ്ട്രീയ വേട്ടയാടലാണ് നടക്കുന്നതെന്ന് ചൂണ്ടിക്കാട്ടി വി കെ ശ്രീകണ്ഠൻ നടത്തിയ പ്രസ്താവനയാണ് വിവാദമായത്. മൂന്നു മൂന്നര വർഷം മുമ്പ് നടന്നത് ഇപ്പോഴാണ് ഉന്നയിക്കുന്നത്. അതെന്തുകൊണ്ടാണെന്ന് അന്വേഷിക്കണം. വെളിപ്പെടുത്തൽ നടത്തിയവരുടെ രാഷ്ട്രീയ പശ്ചാത്തലം അന്വേഷിക്കണം. ഏതൊക്കെ മന്ത്രിമാരുടെ കൂടെയാണ് ഈ ആരോപണം പറഞ്ഞിട്ടുള്ള ആളുകള് അർധ വസ്ത്രം ധരിച്ച് നിൽക്കുന്നത്?. എന്താണ് അതിന്റെ പിന്നിലുള്ളത്. ആരോപണം ഉന്നയിച്ച ആളുകളുടെ രീതിയും നടപ്പും മന്ത്രിമാരെ കെട്ടിപ്പിടിച്ച് നിൽക്കുന്നതിന്റെയെല്ലാം ചിത്രങ്ങളും പുറത്തു വന്നല്ലോ. അതിൻരെയൊക്കെ പിന്നിൽ ആരുണ്ട് എന്നെല്ലാം അന്വേഷിക്കട്ടെ. എല്ലാം പുറത്തു വരും. വി കെ ശ്രീകണ്ഠൻ അഭിപ്രായപ്പെട്ടിരുന്നു.
_(1).jpg)