'രാഹുല്‍ മാങ്കൂട്ടത്തില്‍ കോണ്‍ഗ്രസിന്‍റെ ക്യാൻസര്‍', രണ്ട് സ്ത്രീകളുടെ പരാതിയുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് സമീപിച്ചിരുന്നുവെന്ന് പിവി അൻവര്‍

കേരളത്തിലെ കോണ്‍ഗ്രസിനുണ്ടായ ക്യാൻസര്‍ ആണ് രാഹുല്‍ മാങ്കൂട്ടത്തിലിനെന്ന് പിവി അൻവര്‍. ക്യാൻസര്‍ വന്നാല്‍ ശരീരത്തിന്‍റെ ആ ഭാഗം മുറിച്ചു കളയുമെന്നും വിഡി സതീശൻ പരസ്യമായി രാഹുലിന്‍റെ രാജി ആവശ്യപ്പെടണമെന്നും പിവി അൻവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ പ്രതികരിക്കാത്തതുകൊണ്ട് വലിയ രീതിയിലുള്ള സൈബര്‍ ആക്രമണം നേരിടേണ്ടിവന്നു. ഇതൊരു രാഷ്ട്രീയ വിഷയമല്ല. കൃത്യമായ മറുപടി രാഹുലിന് മാത്രമേ പറയാനാകു. ടെലിഫോണ്‍ സംഭാഷണം രാഹുല്‍ നിഷേധിച്ചിട്ടില്ല. അതിനാല്‍ ആരോപണങ്ങളില്‍ വസ്തുത ഉണ്ടെന്നാണ് അര്‍ത്ഥം. കോണ്‍ഗ്രസ് നേതൃത്വം ഇക്കാര്യത്തില്‍ ഉണര്‍ന്ന് ചിന്തിക്കണം.

രാഹുലിന്‍റെ രാജി കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെടണം. ഇനി ഉപതെരെഞ്ഞെടുപ്പ് വന്നാലും കോണ്‍ഗ്രസ് ജയിക്കും. വോട്ട് ചോരി ഏറ്റെടുക്കേണ്ട കാലത്ത് ഇവിടെ ഡേര്‍ട്ടി പൊളിറ്റിക്സ് ആണ് നടക്കുന്നത്. വിഡി സതീശൻ രാജി വേണം എന്ന നിലപാടെടുത്തുവെങ്കില്‍ അദ്ദേഹത്തിന് കാര്യങ്ങള്‍ ബോധ്യപ്പെട്ടുവെന്നാണ് അര്‍ത്ഥം. രാഹുലിനെതിരെ രണ്ട് സ്ത്രീകളുടെ പരാതിയുമായി ഒരു യൂത്ത് കോണ്‍ഗ്രസ് നേതാവ് തന്നെ സമീപിച്ചിരുന്നുവെന്നും പിവി അൻവര്‍ വെളിപ്പെടുത്തി. സഹായിക്കാമോ എന്നാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് തന്നോട് ചോദിച്ചത്. തെളിവ് ഉണ്ടെങ്കില്‍ സഹായിക്കാമെന്ന മറുപടിയാണ് നല്‍കിയതെന്നും പിവി അൻവര്‍ പറഞ്ഞു.

രാഹുല്‍ വിഷയത്തില്‍ ഷാഫി പറമ്ബില്‍ നിന്ന് പ്രതീക്ഷിച്ച മറുപടിയല്ല പറഞ്ഞത്. നിലമ്ബൂര്‍ ഉപതെരഞ്ഞെടുപ്പിനിടയില്‍ രാഹുലുമായി കൂടിക്കാഴ്ച നടത്തിയത് വ്യക്തിപരമായിരുന്നുവെന്നും കൂടിക്കാഴ്ചയിലെ കാര്യങ്ങള്‍ പുറത്തുപറയാൻ ആഗ്രഹിക്കുന്നില്ലെന്നും പിവി അൻവര്‍ പറഞ്ഞു
Previous Post Next Post