എഗ്മോർ-ഗുരുവായൂർ എക്സ്പ്രസില്‍ റെയില്‍വേ പോലീസുകാർ പുലർച്ചെ പതിവു പരിശോധന നടത്തുകയായിരുന്നു. ഒരു കോച്ചിലെത്തിയപ്പോള്‍ യൂണിഫോമില്‍ ഒരു സബ്‌ഇൻസ്പെക്ടർ അമർന്നിരിക്കുന്നു,പോലീസുകാർ അമർത്തിച്ചവിട്ടി കൊടുത്തു ഒരു സല്യൂട്ട് തിരിച്ചുള്ള സല്യൂട്ട് ചതിച്ചു; 'എസ്‌ഐ'യെ പോലീസ് പൊക്കി.

ആലപ്പുഴ : എഗ്മോർ-ഗുരുവായൂർ എക്സ്പ്രസില്‍ റെയില്‍വേ പോലീസുകാർ പുലർച്ചെ പതിവു പരിശോധന നടത്തുകയായിരുന്നു. ഒരു കോച്ചിലെത്തിയപ്പോള്‍ യൂണിഫോമില്‍ ഒരു സബ്‌ഇൻസ്പെക്ടർ അമർന്നിരിക്കുന്നു.

പോലീസുകാർ അമർത്തിച്ചവിട്ടി കൊടുത്തു ഒരു സല്യൂട്ട്. തിരിച്ചും കിട്ടി സല്യൂട്ട് എങ്കിലും അതിലൊരു വശപ്പിശക്. പോലീസുകാർ പരസ്പരം നോക്കി.

എസ്‌ഐയുടെ ചുമലിലെ നക്ഷത്രവും നെയിംപ്ലേറ്റും എല്ലാം യൂണിഫോമിലുണ്ട്. തൊപ്പിയുമുണ്ട്. പുലർച്ചെ യൂണിഫോമിട്ട് ഇദ്ദേഹം എങ്ങോട്ടു പോകുന്നു. സംശയം തീർക്കാനായി 'സാറിനോടു' സംസാരിച്ചപ്പോഴാണ് കള്ളി വെളിച്ചത്തായതും മുപ്പതുകാരൻ പിടിയിലായതും.


യൂണിഫോം ധരിക്കുന്ന ഉദ്യോഗസ്ഥനാകുക എന്നത് ചെറുപ്പത്തിലേയുള്ള ആഗ്രഹമായിരുന്നു നെടുമങ്ങാട് പാനാവൂർ സ്വദേശിയുടേത്. എഴുതിയ പരീക്ഷകളെല്ലാം അദ്ദേഹത്തെ തോല്‍പ്പിച്ചു മുന്നേറിയപ്പോള്‍ പരീക്ഷയെഴുതാവുന്ന പ്രായം കടന്നുപോയി. ജീവിതാഭിലാഷം സാധിക്കാനായി സ്വന്തമായി തയ്പിച്ച യൂണിഫോം ധരിച്ച്‌ കന്നിയാത്രയ്ക്ക് ഇറങ്ങിയതായിരുന്നു. 'കീഴുദ്യോഗസ്ഥർ' പൂട്ടിക്കളയുമെന്നു കരുതിയതേയില്ല.

ശനിയാഴ്ച പുലർച്ചെയാണു സംഭവം. കായംകുളം സ്റ്റേഷൻ വിട്ടപ്പോഴാണ് എസ്‌ഐയെ കാണുന്നതും ചോദ്യംചെയ്യുന്നതും. ഇരിങ്ങാലക്കുട സ്റ്റേഷനിലെ എസ്‌ഐയാണെന്നും തൃശ്ശൂരിലേക്കു പോകുകയാണെന്നുമാണ് ആദ്യം പറഞ്ഞത്. യൂണിഫോമിലെ പേരു നോക്കി പോലീസുകാർ ഇരിങ്ങാലക്കുട സ്റ്റേഷനില്‍ വിളിച്ചപ്പോള്‍ അങ്ങനെയൊരാളേയില്ലെന്നു മനസ്സിലായി. വണ്ടി അപ്പോള്‍ ആലപ്പുഴയിലെത്തിയിരുന്നു. 'എസ്‌ഐ'യെ ഇറക്കി നേരേ ആലപ്പുഴ റെയില്‍വേ പോലീസ് സ്റ്റേഷനിലെത്തിച്ചു.

തുടർന്ന്, യഥാർഥ എസ്‌ഐ കെ. ബിജോയ് കുമാറിന്റെ നേതൃത്വത്തില്‍ ചോദ്യംചെയ്തപ്പോഴാണ് എസ്‌ഐ മോഹം പുറത്തുവന്നത്. വഴികളെല്ലാം അടഞ്ഞപ്പോഴാണ് ആഗ്രഹം സാധിക്കാനായി അറ്റകൈക്ക് യൂണിഫോം തയ്പിച്ചത്. ഇതു ധരിച്ച്‌ വീട്ടിലെ മുറിയില്‍ 'പരേഡും വെടിവെപ്പും' നടത്തുമായിരുന്നു. ആദ്യമായാണ് യൂണിഫോം ധരിച്ച്‌ പുറത്തിറങ്ങിയത്.

ശനിയാഴ്ച തൃശ്ശൂരില്‍ നടന്ന പിഎസ്സി പരീക്ഷയെഴുതാൻ പോലീസ് യൂണിഫോമില്‍ പുറപ്പെട്ടപ്പോഴാണ് പിടിയിലായത്. പോലീസ് യൂണിഫോം ദുരുപയോഗിച്ചതിന് കേസെടുത്തശേഷം സ്റ്റേഷൻ ജാമ്യത്തില്‍ വിട്ടയച്ചു.

Previous Post Next Post