മുഖ്യമന്ത്രിക്ക് അയ്യപ്പനില്‍ വിശ്വാസമുണ്ടോ?; ദുബൈ മേള പോലെയല്ല അയ്യപ്പ സംഗമം നടത്തേണ്ടതെന്ന് കുമ്മനം

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമം ദുബായ് മേള പോലെയല്ല നടത്തേണ്ടതെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. മുഖ്യമന്ത്രിക്കും ദേവസ്വം മന്ത്രിക്കും അയ്യപ്പനിൽ വിശ്വാസമുണ്ടോയെന്നു ചോദിച്ച കുമ്മനം ഈ പരിപാടി അയ്യപ്പൻമാരുടെ വികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നും എൻഎസ്എസ് ഭക്തർക്കൊപ്പം നിൽക്കണമെന്നും പറഞ്ഞു.


'ഉദ്ഘാടനം ചെയ്യുന്ന മുഖ്യമന്ത്രിക്ക് അയ്യപ്പനിൽ വിശ്വാസമുണ്ടോ?, വാസവന് വിശ്വാസമുണ്ടോ?. ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്യാൻ പോലും മടിക്കുന്ന ഇവരെല്ലാം ഇപ്പോൾ അയ്യപ്പ സംഗമത്തിന് ഇറങ്ങിപ്പുറപ്പെടുമ്പോൾ സാധാരണ ഭക്തജനങ്ങൾക്ക് ചില സംശയങ്ങൾ ഉണ്ടാാകും. അത് സ്വാഭാവികമാണ്. ദുബൈ മേളയെ പോലെ വാണിജ്യതാത്പര്യമുള്ള ഒരു സംഭവമായി ആഗോള അയ്യപ്പസംഗമം മാറി. പണം എങ്ങനെയും ഉണ്ടാക്കുക, അതിനായി അയ്യപ്പൻമാരുടെ വിശ്വാസത്തെയും വികാരത്തെയും സങ്കൽപ്പത്തെയും കച്ചവടവത്കരിക്കാനാണ് ദേവസ്വം ബോർഡ് ശ്രമിക്കുന്നത്'- കുമ്മനം പറഞ്ഞു.


വിശ്വാസവും വികസനവും ഒന്നിച്ചു കൊണ്ടുപോവും

ആഗോള അയ്യപ്പ സംഗമത്തിലൂടെ വിശ്വാസവും വികസനവും ഒന്നിച്ചുകൊണ്ടുപോകാനാണ് ശ്രമിക്കുന്നതെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത് പറഞ്ഞു. അയ്യപ്പസംഗമത്തിന്റെ ഭാഗമായി ആചാരവിരുദ്ധമായി ഒന്നും നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു. വിദേശത്തുനിന്ന് ഉൾപ്പടെ ആളുകൾ എത്തുന്നതുകൊണ്ടാഅണ് സർക്കാരിന്റെ സഹായത്തോടെ നടത്തുന്നത്. ശബരിമലയുടെ അടിസ്ഥാന വികസനം മാത്രമാണ് പരിപാടിയുടെ ലക്ഷ്യം. ഇത് രാഷ്്ട്രീയ വിവാദമാക്കരുത്. പരിപാടിയിലേക്ക് മതസമുദായ സംഘടനകളെ ക്ഷണിക്കും. കേന്ദ്ര കാബിനറ്റ് മന്ത്രിമാരെ പരിപാടിയിലെ ക്ഷണിച്ചതായും രാഷ്ട്രീയ പാർട്ടികളെ ക്ഷണിക്കുന്നത് ആലോചിക്കുമെന്നും പിഎസ് പ്രശാന്ത് പറഞ്ഞു.


സംസ്ഥാന സർക്കാർ നടത്തുന്ന ആഗോള അയ്യപ്പ സംഗമത്തിന് പൂർണ പിന്തുണ നൽകുമെന്ന് എൻഎസ് എസ് ഇന്നലെ വ്യക്തമാക്കിയിരുന്നു്. പിണറായി സർക്കാർ ശബരിമല ആചാരം സംരക്ഷിക്കുമെന്ന് പൂർണവിശ്വാസമുണ്ടെന്നായിരുന്നു എൻഎസ്എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാർ പറഞ്ഞത്. അവിശ്വാസികൾ അയ്യപ്പസംഗമം നടത്തുന്നുവെന്ന ബിജെപി ആരോപണവും സംഗീത് കുമാർ തള്ളിയിരുന്നു.

Previous Post Next Post