നാളത്തെ ബസ് സ്റ്റാന്‍ഡ് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കരുതെന്ന് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് കത്തുനല്‍കി പാലക്കാട് നഗരസഭ.
ഡെപ്യൂട്ടി ചെയര്‍മാന്‍ അഡ്വ. ഇ കൃഷ്ണദാസാണ് എംഎല്‍എയ്ക്ക് കത്തുനല്‍കിയത്. നാളെ വൈകീട്ട് നടക്കുന്ന പാലക്കാട് മുന്‍സിപ്പാലിറ്റി ബസ് സ്റ്റാന്‍ഡ് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ടാണ് കത്ത്.
'താങ്കള്‍ക്കെതിരെ ഉയര്‍ന്നുവന്ന ഗുരുതരമായ ആരോപണങ്ങള്‍ കണക്കിലെടുത്തും പാലക്കാട് നഗരസഭ സംഘടിപ്പിക്കുന്ന ബസ് സ്റ്റാന്‍ഡ് ഉദ്ഘാടന ചടങ്ങിലേക്ക് ചില സംഘടനകള്‍ താങ്കള്‍ക്കെതിരെ സമരപരിപാടിയുമായി വരുവാന്‍ സാധ്യതയുണ്ടെന്ന് മനസിലായതിനാലും പരിപാടിയുടെ ശോഭ കെടുമെന്ന് ശങ്കയുള്ളതിനാലും ചടങ്ങില്‍ അനിഷ്ഠസംഭവങ്ങള്‍ ഒഴിവാക്കുന്നതിന് പരിപാടിയില്‍ നിന്നുവിട്ടുനില്‍ക്കണമെന്ന് അഭ്യര്‍ഥിക്കുന്നു'- കത്തില്‍ പറയുന്നു.
വികെ ശ്രീകണ്ഠന്‍ എംപി ആസ്തി വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച 2.26 കോടി രൂപ ചെലവിലാണ് ബസ് ടെര്‍മിനല്‍ നിര്‍മിച്ചിട്ടുള്ളത്. 1.1 കോടി രൂപ ചെലവില്‍ യാഡ്, ശുചിമുറി ഉള്‍പ്പെടെ നഗരസഭയും അടിസ്ഥാന സൗകര്യം ഒരുക്കിയിട്ടുണ്ട്. മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ് ഉദ്ഘാടനം 22നു വൈകിട്ട് 4ന് വികെ ശ്രീകണ്ഠന്‍ എംപി ഉദ്ഘാടനം ചെയ്യും. നഗരസഭാധ്യക്ഷ പ്രമീള ശശിധരന്‍ അധ്യക്ഷയാകും. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ, നഗരസഭ ജനപ്രതിനിധികള്‍ ഉള്‍പ്പെടെ പങ്കെടുക്കുന്ന രീതിയിലാണ് പരിപാടി തീരുമാനിച്ചത്.