ഉത്തരാഖണ്ഡില്‍ മേഘവിസ്ഫോടനത്തിലും മിന്നല്‍ പ്രളയത്തിലും കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു.
മണ്ണിനടിയില്‍ കുടുങ്ങിയവരെ കണ്ടെത്താൻ കെടാവർ നായകളെ എത്തിക്കും. 60 പേർ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയതായാണ് നിഗമനം.
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയത്തില്‍ കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചില്‍ രണ്ടാം ദിവസവും തുടരുന്നു. മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താൻ ദില്ലിയില്‍നിന്ന് കെഡാവർ നായ്ക്കളെ വിമാനമാർഗ്ഗം ഉത്തരാഖണ്ഡില്‍ എത്തിക്കും. എസ് ഡി ആർ എഫ്, എൻ ഡി ആർ എഫ്, കരസേന, ഐടിബിപി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നിലവില്‍ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. ഇതുവരെ 130 പേരെ അപകട സ്ഥലത്തുനിന്നും വിവിധ സേനകള്‍ രക്ഷപ്പെടുത്തി. 60ലധികം പേർ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് ആണ് നിഗമനം. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും സ്ഥിതിഗതികള്‍ വിലയിരുത്തി.
ഉച്ചക്ക് ഒന്നരയോടെയാണ് ഉത്തരകാശിയില്‍ നിന്ന് 76 കിലോമീറ്റര്‍ അകലെയുള്ള ധരാലി ഗ്രാമത്തില്‍ മേഘവിസ്ഫോടനവും മിന്നല്‍ പ്രളയവുമുണ്ടായത്. ഘീര്‍ഗംഗ നദിയിലൂടെ കുതിച്ചെത്തിയ പ്രളയ ജലം ധരാളി ഗ്രാമത്തെ തുടച്ച് നീക്കി. റിസോര്‍ട്ടുകളും ഹോട്ടലുകളും നിലംപൊത്തി, നിരവധി വീടുകളും തകര്‍ന്നു. തകര്‍ന്ന് വീഴുന്ന കെട്ടിടങ്ങള്‍ക്കിടയിലൂടെ ജനങ്ങള്‍ പരിഭ്രാന്തരായി ഓടുന്നതും ചെളിയില്‍ നിന്ന് കരകയറാൻ പാടുപെടുന്നതും ദൃശ്യങ്ങളില്‍ കാണാം. കെട്ടിടങ്ങളെങ്കിലും തകര്‍ന്നതായാണ് പ്രാഥമിക വിവരം. വ്യോമമാര്‍ഗമെത്തി കരസേനയും സംസ്ഥാന കേന്ദ്ര ദുരന്ത നിവാരണ സേനകളും രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. ധരാളി ഗ്രാമത്തില്‍ മേഘവിസ്ഫോടനമുണ്ടായതിന് പിന്നാലെ സുഖിയിലും തുടര്‍ ദുരന്തമുണ്ടായി. മലമുകളിലെ വനമേഖലയിലാണ് മേഘവിസ്ഫോടനവും മിന്നല്‍ പ്രളയവുമുണ്ടായത്.