ന്യൂഡൽഹി: യുകെയിലെ വ്യവസായി രാജേഷ് കൃഷ്ണയുമായി നടത്തിയ പണമിടപാടിൽ അന്വേഷണം ആവശ്യപ്പെട്ട് പിബിക്ക് നൽകിയ പരാതി ചോർന്നെന്ന സംഭവത്തിൽ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഇത്തരം അസംബന്ധങ്ങളോട് പ്രതികരിക്കാനില്ലെന്ന് ഡൽഹിയിൽ പൊളിറ്റ് ബ്യൂറോ യോഗത്തിനെത്തിയ ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു. കേസ് പിന്നീട് കൊടുക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
കത്ത് ചോർന്നതിന് പിന്നിൽ എംവി ഗോവിന്ദന്റെ മകൻ ശ്യാംജിത്താണെന്ന് കാണിച്ച് ചെന്നൈ വ്യവസായി മുഹമ്മദ് ഷെർഷാദ് പാർട്ടി ജനറൽ സെക്രട്ടറി എംഎ ബേബിക്ക് കത്ത് നൽകിയിരുന്നു. ആ കത്തിലെ വിവരങ്ങളും ചോർന്നിരുന്നു. എംവി ഗോവിന്ദന്റെ മകൻ ശ്യാംജിത്തിനെയാണ് സംശയിക്കുന്നത്. ശ്യാം മനഃപൂർവം ചെയ്തതായിരിക്കില്ല; ഭീഷണിപ്പെടുത്തി രാജേഷ് കത്തു വാങ്ങിയതാകാം. രാജേഷും ശ്യാമും തമ്മിൽ ഇടപാടുകളുണ്ടെന്നും ഷെർഷാദ് പറഞ്ഞു.
മുഹമ്മദ് ഷെർഷാദിന്റെ പരാതി കത്ത് കോടതിയിലെത്തിയതും അതിൽ ഉന്നത സിപിഎം നേതാക്കൾക്കെതിരെ ഉൾപ്പെടെ ആരോപണങ്ങളുള്ളതുമാണ് പാർട്ടിയെ പ്രതിരോധത്തിലാക്കുന്നത്. ആരോപണ വിധേയൻ രാജേഷ് കൃഷ്ണ മാധ്യമങ്ങൾക്കെതിരെ നൽകിയ മാനനഷ്ട കേസിലാണ് ചെന്നൈ വ്യവസായി മുഹമ്മദ് ഷർഷാദ് നൽകിയ പരാതികൂടി ഉൾപ്പെടുത്തിയത്.
ചെന്നൈ വ്യവസായിയായ മുഹമ്മദ് ഷർഷാദ് 2021ലാണ് സംസ്ഥാന മന്ത്രിമാരുടെ അടക്കം സാമ്പത്തിക ഇടപാടുകളിൽ ദുരൂഹത ആരോപിച്ച് സിപിഎം പിബി അംഗം അശോക് ധാവ്ളയ്ക്ക് പരാതി നൽകിയത്. പരാതിയിൽ തുടർ നടപടികളുണ്ടായില്ലെങ്കിലും, കഴിഞ്ഞ പാർട്ടി കോൺഗ്രസിൽ ലണ്ടൻ പ്രതിനിധിയായി ആരോപണ വിധേയനായ രാജേഷ് കൃഷ്ണയെ ഉൾപ്പെടുത്തി. ഇതിനെതിരെ പരാതിക്കാരനായ മുഹമ്മദ് ഷർഷാദ് വീണ്ടും രംഗത്തെത്തിയതോടെ പാർട്ടികോൺഗ്രസ് പ്രതിനിധി പട്ടികയിൽ നിന്ന് രാജേഷ് കൃഷ്ണയെ ഓഴിവാക്കി. പക്ഷേ ഈ വാർത്ത റിപ്പോർട്ട് ചെയ്ത മാധ്യമങ്ങൾക്കെിരെ രാജേഷ് കൃഷ്ണ മാനനഷ്ട കേസിനൊപ്പം കോടതിയിൽ സമർപ്പിച്ച രേഖകളിലാണ് 2021 ലെ പരാതിയും ഉൾപ്പെടുത്തിയിരിക്കുന്നത്.