തിരുവനന്തപുരം: പൂജപ്പുരയിലെ ജയിൽ വകുപ്പിന്റെ ഭക്ഷണശാലയിൽ മോഷണം. പൂജപ്പുര സെൻട്രൽ ജയിലിന്റെ ഭാഗമായുള്ള കഫ്റ്റീരിയിൽ വെച്ചിരുന്ന നാലു ലക്ഷം രൂപയാണ് മോഷണം പോയത്. ഇന്ന് ട്രഷറിയിൽ അടയ്ക്കാൻ വെച്ചിരുന്ന പണമാണ് മോഷണം പോയതെന്നാണ് ജയിൽ വകുപ്പ് അധികൃതർ പറയുന്നത്. തടവുകാർ ഉൾപ്പെടെയാണ് കഫേയിൽ ജോലി ചെയ്യുന്നത്. സ്ഥലത്തെ ഒരു കാമറപോലും പ്രവർത്തിക്കുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കി. ഇന്നലെ രാത്രി മോഷണം നടന്നതായാണ് വിവരം.
പൂജപ്പുരയിൽ നിന്ന് ജഗതി ഭാഗത്തേക്കുള്ള റോഡരികിലായാണ് കഫറ്റീരിയ പ്രവർത്തിക്കുന്നത്. താക്കോൽ സൂക്ഷിച്ചിരുന്ന ചില്ല് കൂട് തകർത്തതിന് ശേഷം താക്കോലെടുത്ത് ഓഫീസ് റൂമിൽ നിന്ന് പണം കവരുകയായിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ രണ്ടു മൂന്നു ദിവസത്തെ വരുമാനമാണ് മോഷണം പോയത്. താക്കോലും പണവും എവിടെയാണ് ഉള്ളതെന്ന് കൃത്യമായി അറിയുന്ന ആളാണ് മോഷണം നടത്തിയതെന്നാണ് നിഗമനം.