ആൾക്കൂട്ടാധിപത്യം നാളെ സംസ്ഥാന, കേന്ദ്ര ഭരണവും ഇതുപോലെ പിടിച്ചെടുക്കാൻ ശ്രമിച്ചേക്കാം, ഇരുമ്പുമുഷ്ടി ഉപയോഗിച്ച് പൊലീസ് നേരിടണം: ഹൈക്കോടതി

കൊച്ചി: ആൾക്കൂട്ടാധിപത്യം അനുവദിക്കുന്നത് ജനാധിപത്യ വ്യവസ്ഥയുടെയും നിയമവാഴ്ചയുടെയും അവസാനത്തിന്റെ തുടക്കമാകുമെന്ന് ഹൈക്കോടതി. ഇത്തരം പ്രവണതകളെയും അതിക്രമങ്ങളെയും പൊലീസ് ഇരുമ്പുമുഷ്ടി ഉപയോഗിച്ച് കൈകാര്യം ചെയ്യണം. രാജ്യത്തിന്റെ ഭരണഘടനയെ മാനിക്കുകയും നിയമവാഴ്ച പാലിക്കുകയും വേണമെന്നും ഹൈക്കോടതി വ്യക്തമാക്കി.


കിഴക്കമ്പലം ബസ് സ്റ്റാൻഡിന്റെ നവീകരണ ജോലികൾക്ക് പൊലീസ് സംരക്ഷണം അനുവദിച്ചുള്ള ഉത്തരവിലാണ് ജസ്റ്റിസ് എൻ നഗരേഷിന്റെ നിരീക്ഷണം. നിർമാണം അവസാന ഘട്ടത്തിലെത്തിയിരിക്കെ ബസ് സ്റ്റാൻഡിലേക്കുള്ള പ്രവേശനം തടഞ്ഞുകൊണ്ടുള്ള ബാരിക്കേഡുകൾ മാറ്റി ബസുകൾ കടത്തിവിടുകയും സ്വന്തമായി മറ്റൊരു ബസ് ഷെൽട്ടറുണ്ടാക്കി ഗതാഗതം നിയന്ത്രിക്കുകയും ചെയ്ത മുൻ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള ആൾക്കൂട്ടത്തിന്റെ നടപടിക്കെതിരെ പഞ്ചായത്ത് പ്രസിഡന്റ് നൽകിയ ഹർജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ നിരീക്ഷണം.


പഞ്ചായത്തിന്റെ ജനാധിപത്യ ഭരണത്തെ അട്ടിമറിക്കാൻ ചിലർ നടത്തിയ ശ്രമങ്ങളാണ് ഹരജിയിൽ വെളിപ്പെടുന്നതെന്ന് കോടതി അഭിപ്രായപ്പെട്ടു. തദ്ദേശസ്ഥാപനത്തിന്റെ അധികാരം മാത്രമല്ല, മോട്ടോർ വാഹന വകുപ്പിന്റെ അധികാര പരിധിയിലുള്ള ഗതാഗത നിയന്ത്രണം പോലും അവർ ഏറ്റെടുത്തു. ഒരുപഞ്ചായത്തിന്റെ ഭരണം ആൾക്കൂട്ടാധിപത്യത്തിലൂടെ ഏറ്റെടുക്കാൻ ശ്രമിക്കുന്നവർ നാളെ സംസ്ഥാന, കേന്ദ്ര ഭരണവും ഇതുപോലെ ഏറ്റെടുക്കാൻ ശ്രമിച്ചേക്കാമെന്നും കോടതി നിരീക്ഷിച്ചു. ജൂലൈ നാലിനുണ്ടായ ആൾക്കൂട്ട അതിക്രമങ്ങളെക്കുറിച്ച് അന്വേഷിച്ച് കുറ്റകൃത്യം നടന്നിട്ടുണ്ടെങ്കിൽ കേസെടുക്കാൻ കോടതി ഉത്തരവിട്ടു. ബസ് സ്റ്റാൻഡ് നവീകരണത്തിന് പൊലീസ് സംരക്ഷണം നൽകാൻ റൂറൽ എസ്.പിക്കും കുന്നത്തുനാട് എസ്.എച്ച്.ഒക്കും കോടതി നിർദേശം നൽകി.


ആൾക്കൂട്ട ഇടപെടൽ ചോദ്യം ചെയ്തും ബസ് സ്റ്റാൻഡ് നിർമ്മാണം പൂർത്തിയാക്കാൻ പൊലീസ് സംരക്ഷണം തേടിയുമാണ് പഞ്ചായത്ത് പ്രസിഡന്റ് കോടതിയെ സമീപിച്ചത്. നിർമാണ പ്രവർത്തനത്തിനിടെ ജനങ്ങളുടെ ജീവന് അപകടമുണ്ടാകാതിരിക്കാനും ജോലി തടസ്സപ്പെടാതിരിക്കാനുമാണ് സ്റ്റാൻഡിലേക്ക് പ്രവേശനം തടഞ്ഞത്. ഇതിനിടെയാണ് ജൂലൈ നാലിന് മുൻ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ അക്രമപരിപാടികൾ നടന്നത്. തോന്നുന്നിടത്തേക്ക് സൈൻ ബോർഡുകൾ മാറ്റിസ്ഥാപിച്ച് ഗതാഗതനിയന്ത്രണം ഏറ്റെടുത്തിട്ടും പൊലീസ് നടപടിയെടുത്തില്ലെന്നും ഹരജിയിൽ ആരോപിച്ചിരുന്നു.

Previous Post Next Post