ഓണാഘോഷത്തിനിടെ കൂട്ടുകാർക്കൊപ്പം മത്സരിച്ച് മദ്യപിച്ച പ്ലസ് ടു വിദ്യാർത്ഥിയെ ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ (ICU) പ്രവേശിപ്പിച്ചു.
അമിതമായി മദ്യപിച്ച് കുഴഞ്ഞുവീണ വിദ്യാർത്ഥിയെ കണ്ടതോടെ ഒപ്പമുണ്ടായിരുന്ന അഞ്ചുപേർ ഓടി രക്ഷപ്പെട്ടു.
നഗരത്തിലെ വിവിധ സ്കൂളുകളില്‍ നിന്നുള്ള ഏഴ് വിദ്യാർത്ഥികളാണ് ആല്‍ത്തറയില്‍ പണി നടന്നുകൊണ്ടിരിക്കുന്ന ഒരു വീട്ടില്‍ ഓണാഘോഷത്തിനായി ഒത്തുകൂടിയത്. ഓണത്തിനായി മുണ്ടുടുത്ത് വന്ന ഇവർ ബെവ്കോ ഔട്ട്ലെറ്റില് നിന്ന് മദ്യം വാങ്ങിയാണ് ആഘോഷം തുടങ്ങിയത്.
കൂട്ടത്തില്‍ ഒരാള്‍ അമിതമായി മദ്യപിച്ച് അവശനിലയിലായതോടെയാണ് കാര്യങ്ങള്‍ വഷളായത്. വിദ്യാർത്ഥി കുഴഞ്ഞുവീണെന്ന് മനസ്സിലാക്കിയ ഉടൻ തന്നെ അഞ്ചുപേർ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. ഒപ്പമുണ്ടായിരുന്ന മറ്റൊരു വിദ്യാർത്ഥി മാത്രമാണ് മ്യൂസിയം പോലീസിനെ വിവരം അറിയിച്ചത്.
പോലീസ് ഉടൻ സ്ഥലത്തെത്തി അവശനിലയിലായ വിദ്യാർത്ഥിയെ ആംബുലൻസില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. വിദ്യാർത്ഥിയുടെ നില ഗുരുതരമായതിനാല്‍ ഉടൻ തന്നെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.
സംഭവത്തില്‍ പോലീസ് ഇതുവരെ കേസൊന്നും രജിസ്റ്റർ ചെയ്തിട്ടില്ല.