കുറ്റിച്ചൽ ഗ്രാമപ്പഞ്ചായത്തിൽ പേഴുംമൂട് വാർഡിലെ കുഴിയംകോണത്ത് വാടകക്കെട്ടിടത്തിലെ 126-ാം നമ്പർ അങ്കണവാടിയിലാണ് സംഭവം. പേഴുംമൂട് സൈനബ മൻസിലിൽ മാഹീന്റെയും സൈനബയുടെയും മകൻ ഹൈസിൻ സയാനിനെയാണ് കഴിഞ്ഞ മാസം 18-ന് അങ്കണവാടിയിൽ വച്ച് അടുത്തവീട്ടിൽ നിന്നുമെത്തുന്ന പൂച്ച ഇടതു കാലിലും കൈയിലും മാന്തിയത്.
പൂച്ച മാന്തിയ കാര്യം അങ്കണവാടി അധികൃതർ രഹസ്യമാക്കി വച്ചെങ്കിലും 20-ന് കുഞ്ഞ് വിവരം രക്ഷാകർത്താക്കളോട് പറഞ്ഞു. 21-ന് പരുത്തിപ്പള്ളി കുടുംബാരോഗ്യ കേന്ദ്രത്തിൽ കുഞ്ഞിന് പ്രതിരോധ കുത്തിവെയ്പെടുത്തു. തുടർന്ന് മാഹീൻ ശിശുക്ഷേമ സമിതിക്ക് പരാതി നൽകി. വെള്ളനാട് ബ്ലോക്ക് ഐസിഡിഎസ് സിഡിപിഒ ലേഖ അങ്കണവാടിയിലെത്തി തെളിവെടുത്തിരുന്നു.
കൃത്യവിലോപം കാട്ടിയ അങ്കണവാടി വർക്കർ നിഷയെ അന്വേഷണവിധേയമായി ഒരു മാസത്തേക്ക് ജോലിയിൽ നിന്നും മാറ്റിനിർത്തിയിരിക്കുകയാണ്. സംഭവം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഐസിഡിഎസ് സൂപ്പർവൈസർക്ക് നിർദേശവും നൽകിയിട്ടുണ്ട്.
ഒരു വീടിനോട് ചേർന്ന ചായ്പിലാണ് അങ്കണവാടി പ്രവർത്തിക്കുന്നത്. ഈ വീട്ടുകാരുടേതാണ് പൂച്ചയെന്ന് അറിയുന്നു. അങ്കണവാടി വാർഡ് പരിധിയിലല്ല പ്രവർത്തിക്കുന്നത്. കൂടാതെ സുരക്ഷിതമല്ലാത്ത സാഹചര്യത്തിലാണ് സ്ഥാപനം പ്രവർത്തിക്കുന്നതെന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് ഇവിടെനിന്നും സ്ഥാപനം മാറ്റണമെന്ന് പഞ്ചായത്തിനോട് ആവശ്യപ്പെട്ടിരുന്നതായും, രണ്ടു മാസത്തിനകം മാറ്റാൻ നടപടി ഉണ്ടാകുമെന്ന് അറിയിച്ചതായും സിഡിപിഒ ലേഖ പറഞ്ഞു.