പാലിയേക്കരയിൽ ടോൾ പിരിവ് തടഞ്ഞ് ഹൈക്കോടതി; നാലാഴ്ചത്തേയ്ക്ക് ടോൾ വേണ്ട

 

കൊച്ചി: ദേശീയപാതയിൽ ഇടപ്പള്ളി- മണ്ണുത്തി മേഖലയിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാനാകാത്ത സാഹചര്യത്തിൽ പാലിയേക്കരയിൽ ടോൾ പിരിവ് താത്കാലികമായി നിർത്തിവെയ്ക്കാൻ ഹൈക്കോടതി ഉത്തരവ്. ദേശീയപാതയിലെ ഗതാഗതക്കുരുക്ക് കണക്കിലെടുത്ത് നാലാഴ്ചത്തേയ്ക്ക് ടോൾ പിരിവ് നിർത്തിവെയ്ക്കാനാണ് ഹൈക്കോടതിയുടെ ഉത്തരവിൽ പറയുന്നത്.


പാലിയേക്കരയിൽ ടോൾ പിരിക്കുന്നത് താത്കാലികമായി തടയണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ഹരിശങ്കർ വി മേനോൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. അടിപ്പാതയും സർവീസ് റോഡും പൂർത്തിയാകാതെ പാലിയേക്കരയിൽ ടോൾ പിരിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഈ ഘട്ടത്തിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.


കഴിഞ്ഞ കുറെ മാസങ്ങളായി ദേശീയപാതയിൽ ഇടപ്പള്ളി- മണ്ണുത്തി മേഖലയിൽ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. ജംഗ്ഷനുകളിൽ അടിപ്പാത നിർമ്മാണം നടക്കുന്നതിനാൽ മണ്ണുത്തി മുതൽ അങ്കമാലി വരെയുള്ള ഭാഗത്താണ് പ്രധാനമായി ഗതാഗതക്കുരുക്ക് രൂക്ഷമായി അനുഭവപ്പെടുന്നത്. മണിക്കൂറുകൾ എടുത്താണ് വാഹനങ്ങൾ കടന്നുപോകുന്നത്. ഈ പശ്ചാത്തലത്തിലും ടോൾ പിരിവ് തകൃതിയായി നടക്കുന്നതിനെതിരെ വ്യാപക ആക്ഷേപമാണ് ഉയർന്നത്.


കഴിഞ്ഞ ദിവസം ഹർജി പരിഗണിച്ചപ്പോൾ ദേശീയപാതാ അതോറിറ്റിയെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. ദേശീയപാതാ അതോറിറ്റി ഒരുമാസം മുൻപ് നൽകിയ വാക്ക് പാലിച്ചില്ലെന്ന് കോടതി വിമർശിച്ചു. എന്നാൽ സർവീസ് റോഡ് സൗകര്യം നൽകിയിരുന്നുവെന്നും സർവീസ് റോഡ് തകർന്നതാണ് ഇപ്പോഴത്തെ പ്രശ്നത്തിന് കാരണമെന്നും ദേശീയപാതാ അതോറിറ്റി വ്യക്തമാക്കി. മൂന്നാഴ്ചയ്ക്കകം പ്രശ്‌നം പരിഹരിക്കാനാകുമെന്ന് ദേശീയപാതാ അതോറിറ്റി റിപ്പോർട്ട് നൽകി. ഇത് കണക്കിലെടുത്താണ് നാലാഴ്ചത്തേയ്ക്ക് ടോൾ പിരിവ് നിർത്തിവെയ്ക്കാൻ ഹൈക്കോടതി ഉത്തരവിട്ടത്.

Previous Post Next Post