കൊച്ചി: കോതമംഗലത്തെ ടിടിസി വിദ്യാർത്ഥിനിയുടെ മരണം ലൗ ജിഹാദ് ആണെന്ന് ബിജെപി. കേരളത്തിലെ ഒറ്റപ്പെട്ട സംഭവമൊന്നുമല്ല ഇതെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി കെ കൃഷ്ണദാസ് പറഞ്ഞു. മത തീവ്രവാദശക്തികൾ പെൺകുട്ടികളെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി, മതം മാറ്റി തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചു വരികയാണെന്നും കൃഷ്ണദാസ് ആരോപിച്ചു. മരിച്ച വിദ്യാർത്ഥിനിയുടെ കറുകടത്തെ വീട്ടിൽ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജിനൊപ്പം സന്ദർശനം നടത്തിയശേഷം സംസാരിക്കുകയായിരുന്നു കൃഷ്ണദാസ്.
ഇത്തരം നിർബന്ധിത മതം മാറ്റങ്ങൾ കേരളത്തിൽ വലിയ തോതിൽ നടക്കുന്നുണ്ട്. എന്നാൽ സർക്കാരും പ്രതിപക്ഷ പാർട്ടിയും ഒറ്റപ്പെട്ട സംഭവം എന്ന പേരിൽ ഇത് അവഗണിക്കുകയാണ് ചെയ്യുന്നതെന്ന് കൃഷ്ണദാസ് കുറ്റപ്പെടുത്തി. കോതമംഗലത്തെ പെൺകുട്ടിയുടേത് ക്ലീൻ കേസ് ഓഫ് ലൗ ജിഹാദ് ആണെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജും പറഞ്ഞു. കേരളത്തിൽ ഇത് വളരെ ദൗർഭാഗ്യകരമായ സംഭവമാണ്. മതം മാറാൻ പറഞ്ഞതു മാത്രമല്ല, മതം മാറാൻ വേണ്ടി ആ കുട്ടിയെ നിർബന്ധിക്കുകയും പൂട്ടിയിട്ട് പീഡിപ്പിക്കുകയും ചെയ്തുവെന്നും ഷോൺ ജോർജ് പറഞ്ഞു.
കേരളത്തിന്റെ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന കേസാണിത്. ആ കുട്ടിയുടെ കത്തിലൂടെയാണ് പല യാഥാർത്ഥ്യങ്ങളും കുടുംബം അറിഞ്ഞത്. ഈ ആഴ്ചയിൽ മാത്രം ലൗ ജിഹാദുമായി ബന്ധപ്പെട്ട് സംസ്ഥാനത്തു നിന്നും മൂന്നാമത്തെ പരാതിയാണ് തനിക്ക് ലഭിക്കുന്നത്. കൊട്ടാരക്കരയിലും സമാനമായ സാഹചര്യമുണ്ടായി. ആ കുട്ടിയെ വീട്ടുകാർ വിളിച്ചു കൊണ്ടുവന്നു. ഇപ്പോൾ ആ വീട്ടുകാർ ഭീഷണി നേരിടുകയാണ്. ഷോൺ ജോർജ് പറഞ്ഞു.
നിലമ്പൂരിൽ നിന്നും ഒരു വൈദികൻ വിളിച്ചിരുന്നു. അദ്ദേഹത്തിന്റെ സഹോദരിയുടെ കുട്ടിയെ തട്ടിക്കൊണ്ടുപോയിരിക്കുന്നു. അതും ലൗ ജിഹാദാണ്. ഇത് കേരളത്തിൽ ഒരു പ്രവണതയായി മാറിയിരിക്കുന്നു. ബിജെപി ഈ വിഷയത്തെ ഗൗരവമായി കാണുകയാണ്. മതം മാറണമെന്ന് പറഞ്ഞ് ആ പ്രതിയും വീട്ടുകാരും വിദ്യാർത്ഥിനിയെ മുറിയിൽ പൂട്ടിയിട്ട് മർദ്ദിക്കുകയാണ് ചെയ്തത്. ഇത്തരം സംഭവങ്ങൾ കേരളത്തിൽ പലയിടത്തും ഉണ്ടാകുമ്പോഴും പല കുടുംബങ്ങളും അപമാനം ഭയന്ന് പുറത്ത് പറയാൻ മടിക്കുകയാണ്.
ഇത്തരം സംഭവങ്ങളും ഭീഷണികളും ആളുകൾ തുറന്നു പറയാൻ തയ്യാറാകണം. പൊലീസ് ഈ കേസ് നിസാരവത്കരിക്കാൻ ശ്രമിക്കുകയാണ്. ഇന്ന് കേരള ജനത നേരിടുന്ന ഏറ്റവും വലിയ ഭീഷണിയായി ലൗ ജിഹാദ് മാറിയിരിക്കുകയാണ്. ഇസ്ലാമിക് സ്റ്റേറ്റിന്റെയും ( ഐഎസ്), പൊളിറ്റിക്കൽ ഇസ്ലാമിന്റേയും ഹെഡ് ക്വാർട്ടേഴ്‌സായി കേരളം മാറിയിരിക്കുകയാണ്. ഇന്റലിജൻസ് വിഭാഗം കയ്യിലുള്ള മുഖ്യമന്ത്രിക്ക് ഇതൊന്നും അറിഞ്ഞുകൂടാ എന്നു പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസമാണ്. മുഖ്യമന്ത്രി ഇതെല്ലാം കണ്ടില്ലെന്ന് നടിക്കുകയാണെന്നും ഷോൺ ജോർജ് ആരോപിച്ചു.