കണ്ണൂർ: ജ്യോത്സ്യൻ്റെ വീട്ടിൽ പോകുന്നത് വാർത്തയാണോയെന്ന് സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം വി ജയരാജൻ. കമ്യൂണിസ്റ്റുകാർ ജ്യോത്സ്യൻ്റെയും മൗലവിയുടെയും വൈദികൻ്റെയും വീടുകളിൽ പോകാറുണ്ടെന്നും ജയരാജൻ പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ജ്യോത്സ്യൻ എ വി മാധവ പൊതുവാളിനെ സന്ദർശിച്ചത് വിവാദമായ പശ്ചാത്തലത്തിലായിരുന്നു എം വി ജയരാജന്റെ പ്രതികരണം.
സുഹൃത്തായ ജ്യോതിയെന്ന ജ്യോത്സ്യൻ്റെ വീട്ടിൽ താൻ പോകാറുണ്ട്. കൺസ്യൂമർ ഫെഡിലെ യൂണിയന്റെ ട്രഷറർ ആയിരുന്നു. ജോലി ഉപേക്ഷിച്ച ശേഷം ജ്യോത്സ്യപണി തുടങ്ങുകയായിരുന്നു അദ്ദേഹം. എൻ്റെ നാടായ പെരളശേരിയിലായിരുന്നു തുടക്കം. ഇപ്പോൾ ബാംഗ്ളൂരിലാണ്. എത്ര തവണയാണ് അദ്ദേഹത്തിന്റെ വീട്ടിൽ പോയിട്ടുള്ളത്. വെള്ളച്ചാലിലെ നാരായണൻ ജ്യോത്സ്യരുടെ അടുത്തും താൻ പതിവ് സന്ദർശകനായിരുന്നു.
ജ്യോത്സ്യനായ എടക്കാട്ട് നാരായണൻ മാസ്റ്ററുടെ വീട്ടിലും പല തവണ പോയിട്ടുണ്ട്. ഇപ്പോഴത്തെ ഈ മാധവപൊതുവാളിന്റെ വീട്ടിൽ നാലു തവണയെങ്കിലും താൻ പോയിട്ടുണ്ട്. തലശ്ശേരി ബിഷപ്പിന്റെ അടുത്തും പോയിട്ടുണ്ട്. ഇതെല്ലാം വാർത്തയാക്കേണ്ടവല്ല കാര്യമുണ്ടോയെന്നും എം വി ജയരാജൻ ചോദിച്ചു.