സ്കൂള്‍ വിദ്യാർത്ഥികള്‍ക്ക് സന്തോഷ വാർത്ത. ഇനി മുതല്‍ ഓണം, ക്രിസ്മസ്, റംസാൻ ആഘോഷങ്ങള്‍ സ്കൂളില്‍ ആഘോഷിക്കുമ്ബോള്‍ കുട്ടികള്‍ക്ക് യൂണിഫോം നിർബന്ധമില്ല.
ഇനി മുതല്‍ ഈ മൂന്ന് പ്രധാന ആഘോഷങ്ങള്‍ സ്കൂളില്‍ ആഘോഷിക്കുമ്ബോള്‍ കുട്ടികള്‍ക്ക് വർണ വസ്ത്രങ്ങള്‍ ധരിക്കാം. ഇത് സംബന്ധിച്ച ഉത്തരവ് പൊതുവിദ്യാഭ്യാസ ഡയറക്ടർ പുറത്തിറക്കി. മന്ത്രി വി ശിവൻകുട്ടിയാണ് വിവരങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. ആഘോഷ പരിപാടികള്‍ നടക്കുമ്ബോള്‍ യൂണിഫോമില്‍ ഇളവ് നല്‍കണമെന്ന് ധാരാളം കുട്ടികള്‍ ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ചാണ് തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി.
മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
പ്രിയപ്പെട്ട വിദ്യാർത്ഥികളെ, അധ്യാപകരെ, രക്ഷിതാക്കളെ,
വിദ്യാലയങ്ങളില്‍ വിദ്യാർത്ഥികള്‍ക്ക് യൂണിഫോം നിർബന്ധമാണല്ലോ. എന്നാല്‍ ഓണം, ക്രിസ്മസ്, റംസാൻ തുടങ്ങിയ ആഘോഷങ്ങള്‍ക്ക് സ്കൂളുകളില്‍ പരിപാടികള്‍ നടക്കുമ്ബോള്‍ യൂണിഫോമില്‍ ഇളവ് നല്‍കണമെന്ന് ധാരാളം കുട്ടികള്‍ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം ന്യായമാണെന്ന് ബോധ്യപ്പെട്ടു.
അതുകൊണ്ട്, ഇനി മുതല്‍ ഈ മൂന്ന് പ്രധാന ആഘോഷങ്ങള്‍ സ്കൂളില്‍ ആഘോഷിക്കുമ്ബോള്‍ കുട്ടികള്‍ക്ക് യൂണിഫോം നിർബന്ധമില്ല. ഇത് സംബന്ധിച്ച ഉത്തരവ് പൊതുവിദ്യാഭ്യാസ ഡയറക്ടർ പുറത്തിറക്കി. ഇത് വിദ്യാലയ അന്തരീക്ഷത്തില്‍ കൂടുതല്‍ സന്തോഷവും വർണ്ണാഭമായ ഓർമ്മകളും നല്‍കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.