വോട്ട് കൊള്ളയുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയിക്കൂ, 'വോട്ട് ചോരി' വെബ്‌സൈറ്റ് തുടങ്ങി രാഹുൽ ഗാന്ധി

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് അനുകൂലമാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടുകൊള്ള നടത്തിയെന്ന രാഹുൽ ഗാന്ധിയുടെ വെളിപ്പെടുത്തലിനു പിന്നാലെ, വോട്ടുകൊള്ളയുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയിക്കാനും പിന്തുണ നൽകാനുമായി കോൺഗ്രസ് വെബ്‌സൈറ്റ് ആരംഭിച്ചു. തെരഞ്ഞെടുപ്പിൽ വോട്ട് കൊള്ള തടയാനുള്ള പ്രചാരണത്തിൽ പങ്കുചേരാൻ ജനങ്ങളോട് ആഹ്വാനം ചെയ്തുകൊണ്ടാണ് ലോക്‌സഭാ പ്രതിപക്ഷ നേതാവിന്റെ നീക്കം. 'വോട്ട് ചോരി ഇൻ' എന്ന വെബ്‌സൈറ്റ് ആരംഭിച്ചുകൊണ്ടാണ് രാഹുൽ ഗാന്ധിയുടെ പ്രചാരണം. തെരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യമാക്കുന്നതിനും വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ തടയുന്നതിനും ഡിജിറ്റൽ പ്ലാറ്റ്‌ഫോം ലക്ഷ്യമിടുന്നതായി രാഹുൽ പറഞ്ഞു.


വെബ്സൈറ്റിൽ 'വോട്ട് ചോരി പ്രൂഫ്, ഡിമാൻഡ് ഇസി (ഇലക്ഷൻ കമ്മീഷൻ) അക്കൗണ്ടബിലിറ്റി, റിപ്പോർട്ട് വോട്ട് ചോരി' എന്നിങ്ങനെ മൂന്ന് ഓപ്ഷനുകളുണ്ട്. ഇതിൽ വോട്ട് ചോർച്ചയുമായി ബന്ധപ്പെട്ട് എന്തെങ്കിലും അനുഭവമുണ്ടെങ്കിൽ അതേപ്പറ്റി ജനങ്ങൾക്ക് തുറന്നെഴുതാവുന്നതാണ്. കോൺഗ്രസാണ് ക്യാമ്പെയ്ന് തുടക്കമിട്ടിരിക്കുന്നത്. ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും തമ്മിലുള്ള ഒത്തുകളിയിലൂടെ വലിയ തട്ടിപ്പാണ് നടക്കുന്നതെന്ന് രാഹുൽ ഗാന്ധി വിഡിയോയിൽ പറയുന്നു.


കഴിഞ്ഞ ദിവസമായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധിയുടെ വാർത്താസമ്മേളനം. രാജ്യത്ത് വോട്ട് മോഷണം നടക്കുന്നുണ്ടെന്നും ഹരിയാന തെരഞ്ഞെടുപ്പോടെ അത് വ്യക്തമായതാണെന്നുമായിരുന്നു രാഹുൽ ഗാന്ധി പറഞ്ഞത്. ഇതുമായി ബന്ധപ്പെട്ട തെളിവുകളും രാഹുൽ പുറത്തുവിട്ടിരുന്നു.

Previous Post Next Post