വോട്ടര്‍ പട്ടികയില്‍ വന്‍തോതില്‍ കൃത്രിമം നടന്നുവെന്ന പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ ആക്ഷേപം ഏറ്റെടുത്ത് പ്രതിപക്ഷ പാര്‍ട്ടികള്‍ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കുന്നതിനിടെ പ്രതികരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍.
രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പട്ടിക പരിശോധിക്കാന്‍ അവസരങ്ങള്‍ ലഭിച്ചിട്ടും യഥാസമയം ഉന്നയിച്ചില്ലെന്ന് കുറ്റപ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്തെത്തി. രാഷ്ട്രീയ പാര്‍ട്ടികളും അവരുടെ ബൂത്ത് ലെവല്‍ ഏജന്റുമാരും ഉചിതമായ സമയത്ത് വോട്ടര്‍ പട്ടിക പരിശോധിച്ചില്ലെന്നും പിശകുകള്‍ ഉണ്ടെങ്കില്‍ അത് ചൂണ്ടിക്കാണിച്ചില്ലെന്നുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം. ഔദ്യോഗിക സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ പങ്കുവച്ച പ്രസ്താവനയിലാണ് കമ്മീഷന്‍ നിലപാട് അറിയിച്ചിരിക്കുന്നത്.
കരട് വോട്ടര്‍ പട്ടികയും അതിന്റെ ഡിജിറ്റല്‍ രൂപവും രാഷ്ട്രീയ പാര്‍ട്ടികളുമായി പതിവായി പങ്കിടാറുണ്ട്. പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ വെബ്സൈറ്റിലും ഇവ പ്രസിദ്ധീകരിക്കുന്നതാണ് പതിവ്. അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു കഴിഞ്ഞാലും ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാരുടെ തീരുമാനങ്ങളില്‍ അതൃപ്തിയുള്ള ആര്‍ക്കും അപ്പീല്‍ നല്‍കാനുള്ള സംവിധാനം നിലവിലുണ്ടെന്നും കമ്മീഷന്‍ വിശദീകരിക്കുന്നു.
വോട്ടര്‍പട്ടിക ക്രമക്കേടില്‍ രാഹുല്‍ ഗാന്ധി നടത്തിയ വെളിപ്പെടുത്തലുകള്‍ക്ക് ശേഷം ഇതാദ്യമായാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിഷയവുമായി ബന്ധപ്പെട്ട് ഔദ്യോഗികമായി പ്രതികരിക്കുന്നത്. വോട്ട് മോഷണം ഉള്‍പ്പെടെയുള്ള ആരോപണങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് ഔദ്യോഗികമായി മറുപടി നല്‍കിയേക്കുമെന്ന സൂചനയും നേരത്തെ പുറത്തുവന്നിരുന്നു. ഞായറാഴ്ച വൈകീട്ട് മൂന്ന് മണിക്ക് തെരഞ്ഞടുപ്പ് കമ്മീഷന്‍ ഡല്‍ഹിയില്‍ മാധ്യമങ്ങളെ കാണുമെന്നാണ് അറിയിച്ചിരിക്കുന്നത്. രാഹുല്‍ ഉയര്‍ത്തിയ വിഷയത്തില്‍ കമ്മീഷന്‍ പ്രാഥമിക പരിശോധന നടത്തിയിരുന്നു. ഇതു സംബന്ധിച്ച് വിവരങ്ങളും പങ്കുവയ്ച്ചേയ്ക്കും.