കൽപ്പറ്റ: വയനാട്ടിലെ സിപിഎം വിഭാഗീയതയിൽ നേതാക്കൾക്കെതിരെ വീണ്ടും നടപടി. ജില്ലയിലെ മുതിർന്ന നേതാവ് എ വി ജയനെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തി. സാമ്പത്തിക ക്രമക്കേട് ആരോപിച്ച് ജയനെ നേരത്തെ ലോക്കൽ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയത് വിവാദമായിരുന്നു. ഇതിനിടെയാണ് വീണ്ടും നടപടിയുണ്ടായിരിക്കുന്നത്.
കണിയാമ്പറ്റയിലെ അഞ്ച് ലോക്കൽ കമ്മിറ്റി അംഗങ്ങളെയും ബ്രാഞ്ചിലേക്ക് തരംതാഴ്ത്തിയിട്ടുണ്ട്. പാർട്ടിയിൽ വിഭാഗീയത ഉന്നയിച്ച് നേരത്തെ പ്രദേശത്ത് നേതാക്കൾ പ്രതിഷേധിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് നടപടിയെന്നാണ് സൂചന.
കർഷക സംഘം ജില്ലാ പ്രസിഡന്റും പുൽപ്പള്ളി സിപിഎം ഏരിയാ കമ്മിറ്റി അംഗവുമായ എ വി ജയനെ പാലിയേറ്റീവ് കെയർ നടത്തിപ്പുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് ആരോപിച്ചാണ് ലോക്കൽ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയത്. ഇരുളം ലോക്കൽ കമ്മിറ്റിയിലേക്കാണ് തരംതാഴ്ത്തിയത്. ഈ നടപടിയിൽ ജയൻ പരസ്യമായി വിമർശിച്ചിരുന്നു.
പാർട്ടിയിലെ വിഭാഗീയതയാണ് തനിക്കെതിരായ നടപടിക്ക് കാരണമെന്നാണ് ജയൻ ആരോപിച്ചത്. പരസ്യപ്രതികരണമാണ് പുതിയ നടപടിക്ക് കാരണമെന്നാണ് സൂചന. നേരത്തെ ജയനെ തരംതാഴ്ത്തിയതിൽ പൂതാടി, ഇരുളം, കേണിച്ചിറ തുടങ്ങി മേഖലയിൽ പാർട്ടി പ്രാദേശിക നേതാക്കളും പ്രവർത്തകരും പ്രതിഷേധിക്കുകയും പാർട്ടി പരിപാടികളിൽ നിന്നും വിട്ടു നിൽക്കുകയും ചെയ്തത് ചർച്ചയായിരുന്നു.
