ഐപിഎസ് ഉദ്യോഗസ്ഥനെതിരെ വനിതാ എസ്ഐമാർ ഉന്നയിച്ച പരാതി പൊലീസ് ആസ്ഥാനത്തെ എസ്പി മെറിൻ ജോസഫ് അന്വേഷിക്കും.
ഡിജിപിയുടേതാണ് ഉത്തരവ്. വനിതാ എസ്ഐമാരുടെ പരാതിയില്‍ മൊഴിയെടുത്ത ഡിഐജി അജിതാ ബീഗം ഡിജിപിക്ക് നല്കിയ ശുപാർശ പ്രകാരമാണ് നടപടി. പോഷ് നിയമപ്രകാരം അന്വേഷണം വേണമെന്നാണ് ഡിഐജി ശുപാർശ ചെയ്തത്. പൊലീസ് ആസ്ഥാനത്ത് വുമണ്‍ കംപ്ലൈൻ്റ് സെല്‍ അധ്യക്ഷയാണ് കേസ് അന്വേഷണ ചുമതലയുള്ള എസ്പി മെറിൻ ജോസഫ്.
രണ്ട് വനിതാ എസ്ഐമാരാണ് ഐപിഎസ് ഉദ്യോഗസ്ഥൻ മോശം പരാമർശങ്ങള്‍ അടങ്ങിയ സന്ദേശങ്ങള്‍ അയച്ചെന്ന് പരാതിപ്പെട്ടത്. സ്ത്രീകളുടെയും കുട്ടികളുടെയും പരാതി അന്വേഷിക്കുന്ന ഡിഐജി അജിതാ ബീഗത്തിന് നല്കിയ പരാതിയില്‍ അതീവ രഹസ്യമായി പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. രണ്ട് പരാതിക്കാരും പരാതിയില്‍ ഉറച്ചുനില്‍ക്കുകയും മൊഴി നല്‍കുകയും ചെയ്തതോടെയാണ് പോഷ് നിയമപ്രകാരം അന്വേഷിക്കാൻ അജിതാ ബീഗം ശുപാർശ ചെയ്തത്.