തൃശ്ശൂരിലെ വോട്ട് ക്രമക്കേടില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നു. വോട്ട് കൂട്ടാൻ മണ്ഡലത്തിന്റെ പുറത്തുള്ള ബന്ധുക്കളെ ബിജെപി നേതാക്കള്‍ പലരും തൃശ്ശൂരിലെ പട്ടികയില്‍ ചേർത്ത വിവരങ്ങളാണ് ഒടുവില്‍ പുറത്തുവന്നത്.
മണ്ഡലത്തിന്റെ പുറത്തുള്ള ബന്ധുക്കളെയും തൃശൂരിലെ പട്ടികയില്‍ ചേർത്തു എന്നാണ് വിവരം. മണ്ഡലത്തിന് പുറത്തുള്ള വോട്ടർമാരെ സ്വന്തം വീടിന്റെ മേല്‍വിലാസത്തിലാണ് ബിജെപി കൗണ്‍സിലർ വോട്ടര്‍പട്ടികയില്‍ ചേർത്തത്. പൂങ്കുന്നത്തെ കൗണ്‍സിലർ ഡോ. ആതിരയുടെ കേരള വർമ്മ കോളജ് റോഡിലെ പള്ളിപ്പെറ്റ വീട്ടിലെ വിലാസത്തില്‍ 6 വോട്ടുകളാണ് ഇങ്ങനെ ചേർത്തത്. ബിജെപിയുടെ സംസ്ഥാന ഉപാധ്യക്ഷനും മുൻ ജില്ലാ പ്രഭാരിയുമായ വി ഉണ്ണികൃഷ്ണന് വോട്ട് ഈ വീട്ടിലെ വിലാസത്തിലാണ്.
പാലക്കാട് നാഗലശ്ശേരി പഞ്ചായത്തില്‍ വോട്ടറായ ബന്ധുവിനെയും കുടുംബത്തെയും വോട്ടുകളാണ് ആതിര തൃശൂരില്‍ ചേർത്തത്. ആതിരയുടെ ബന്ധു ഉമ, ഭർത്താവ് മണികണ്ഠൻ, മകൻ എന്നിവരെ സ്വന്തം വിലാസത്തില്‍ തൃശൂരിലെ വോട്ടര്‍ പട്ടികയില്‍ എത്തിച്ചു. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ നാഗലശ്ശേരി പഞ്ചായത്തില്‍ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച ആളാണ് ഉമ. ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്ബ് നാഗലശ്ശേരിയിലായിരുന്നു വോട്ടെന്ന് ഉമ സ്ഥിരീകരിച്ചു. ഇപ്പോഴും ഉമയ്ക്ക് വോട്ടുള്ളത് നാഗലശ്ശേരിയിലാണ്. പക്ഷെ ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് മാത്രം വോട്ട് പൂങ്കുന്നത്തെയ്ക്ക് മാറ്റി. പേര് മാറ്റി എങ്കിലും വോട്ട് ചെയ്തില്ലെന്ന് ഉമ പറയുന്നു. ആതിരയുടെ ഭർത്താവ് ആദർശ് ദാമോദരന്റെ സഹോദരൻ കാസർഗോഡ് സ്വദേശി ആശിഷിന്റെ വോട്ടും തൃശൂരില്‍ ചേർത്തിട്ടുണ്ട്. ടെമ്ബിള്‍ ടവർ ഫ്ളാറ്റിലാണ് ഈ വോട്ട് ചേർത്തത്.