പി കൃഷ്ണപിള്ള അനുസ്മരണ പരിപാടിക്ക് ക്ഷണിച്ചില്ല; ഒറ്റയ്ക്ക് വലിയ ചുടുകാട്ടിലെത്തി ജി സുധാകരന്‍, അതൃപ്തി

ആലപ്പുഴയില്‍ നടന്ന സിപിഎമ്മിന്റെ പി കൃഷ്ണപിള്ള അനുസ്മരണ പരിപാടിക്ക് ക്ഷണിക്കാതിരുന്നതില്‍ അതൃപ്തി പരസ്യമാക്കി മുന്‍ മന്ത്രിയും മുതിര്‍ന്ന നേതാവുമായ ജി സുധാകരന്‍. ഔദ്യോഗിക പരിപാടി പൂര്‍ത്തിയായ ശേഷം ജി സുധാകരന്‍ ഓട്ടോറിക്ഷയില്‍ ഒറ്റയ്ക്ക് വലിയ ചുടുകാട്ടിലെത്തി.


അഭിവാദ്യം അര്‍പ്പിച്ചശേഷം ഓട്ടോയില്‍ മടങ്ങുകയും ചെയ്തു.

ആലപ്പുഴ വലിയ ചുടുകാടില്‍ നടന്ന പരിപാടിയില്‍ എളമരം കരീം ആണ് ഉദ്ഘാടകനായത്. മന്ത്രി സജി ചെറിയാനും, ജില്ലാ സെക്രട്ടറി നാസറും അടക്കമുള്ള നേതാക്കള്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു. ഈ ഔദ്യോഗിക പരിപാടി പൂര്‍ത്തിയായി നേതാക്കളെല്ലാം മടങ്ങിയശേഷമായിരുന്നു സുധാകരന്‍ ഓട്ടോയില്‍ തനിയെ വലിയ ചുടുകാട്ടിലെത്തിയത്.

വി എസ് അച്യുതാനന്ദന് വയ്യാതായശേഷം കഴിഞ്ഞ തവണ വരെ താനായിരുന്നു പരിപാടി ഉദ്ഘാടനം ചെയ്തിരുന്നത്. ഈ വര്‍ഷവും തന്നെ ക്ഷണിക്കുമെന്നാണ് കരുതിയത്. 62 വര്‍ഷമായി പാര്‍ട്ടി അംഗമായിട്ട്. ജില്ലയിലെ ഏറ്റവും മുതിര്‍ന്ന അംഗമാണ്. ഇന്നത്തെ ജില്ലാ നേതൃത്വത്തിലുള്ളവര്‍ ആരും അതിനടുത്തെങ്ങും ഉള്ളവരല്ലെന്ന് ജി സുധാകരന്‍ പറഞ്ഞു.

വൈകിയാണ് ഇവിടെ വന്നത്. തന്നെ ക്ഷണിച്ചിരുന്നില്ല. ഇവിടെ വന്ന് പ്രതിജ്ഞ പുതുക്കേണ്ടത് ആവശ്യമായി തോന്നിയതുകൊണ്ട് വന്നതാണ്. കഴിഞ്ഞ വര്‍ഷം വരെ താനാണ് ഉദ്ഘാടനം ചെയ്തത്. പുതിയ സംഭവവികാസം എന്താണ് ഉണ്ടായതെന്ന് അറിയില്ല. താന്‍ പാര്‍ട്ടി മെമ്ബറാണ്. ജില്ലാ കമ്മിറ്റി ഓഫീസിലെ ബ്രാഞ്ചിലെ അംഗമാണ്. വേറെയൊരു ഘടകത്തിന്റെ കീഴിലല്ലല്ലോ?. വേറെയൊന്നും പറയാനില്ലെന്നും ജി സുധാകരന്‍ പറഞ്ഞു.
Previous Post Next Post