യുവാവിന്റെ മരണത്തിൽ ദുരൂഹത, പെൺസുഹൃത്ത് കസ്റ്റഡിയിൽ

 

കൊച്ചി: കോതമംഗലത്തെ യുവാവിന്റെ മരണം കൊലപാതകമെന്ന സംശയത്തിൽ പൊലീസ്. മാതിരപ്പിള്ളി സ്വദേശി അൻസിൽ (38) ഇന്നലെ വൈകീട്ടാണ് മരിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അൻസിൽ മരിച്ചത്.


അൻസിലിന് പെൺസുഹൃത്ത് വിഷം നൽകിയതായിട്ടാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തിൽ പെൺ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. യുവാവ് ആശുപത്രിയിലായതിന് പിന്നാലെ, വധശ്രമത്തിന് പൊലീസ് കേസെടുത്തിരുന്നു.


കഴിഞ്ഞ 30 ന് പുലർച്ചെ നാലുമണിയോടെയാണ് അൻസിലിനെ കോതമംഗലത്തെ വീട്ടിൽ നിന്നും ബന്ധുക്കൾ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത്. ആംബുലൻസിൽ വെച്ച് തന്റെ പെൺസുഹൃത്ത് എന്തോ കലക്കി തന്നിരുന്നതായി അൻസിൽ ബന്ധുക്കളോട് പറഞ്ഞിരുന്നു.


അൻസിലിന്റെ മൃതദേഹം ഇന്ന് കളമശ്ശേരി മെഡിക്കൽ കോളജിൽ പോസ്റ്റ് മോർട്ടം നടത്തും. സംഭവത്തിൽ കോതമംഗലം പൊലീസ് എഫ്ആആർ രജിസ്റ്റർ ചെയ്തു. അന്വേഷണം പുരോഗമിക്കുകയാണെന്നും പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിക്കുന്നതോടെ സംഭവത്തിൽ കൂടുതൽ വ്യക്തത വരുമെന്നും പൊലീസ് സൂചിപ്പിച്ചു.

Previous Post Next Post