മെഡിക്കല്‍ കോളജില്‍ ഉപകരണം കാണാതായ സംഭവം: വകുപ്പ് തല അന്വേഷണത്തിന് ആരോഗ്യവകുപ്പ്

തിരുവനന്തപുരം: മെഡിക്കൽ കോളജിൽ ഉപകരണം കാണാതായ സംഭവത്തിൽ വകുപ്പ് തല അന്വേഷണത്തിന് ആരോഗ്യവകുപ്പ്. ഡിഎംഒയുടെ നേതൃത്വത്തിലായിരിക്കും അന്വേഷണം. ഉപകരണം കാണാതായതും കേടുവരുത്തിയതും അടക്കമുളള കാര്യങ്ങൾ അന്വേഷിക്കും. അന്വേഷണം നടത്താൻ ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കത്ത് നൽകി. യൂറോളജി വകുപ്പുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അന്വേഷണ പരിധിയിൽ വരുമെന്നാണ് സൂചന.


ഉപകരണങ്ങളൊന്നും കാണാതായിട്ടില്ല എന്ന് യൂറോളജി വകുപ്പ് മേധാവി ഡോ. ഹാരിസ് ചിറക്കൽ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഏത് തരത്തിലുളള അന്വേഷണവും നടക്കട്ടെയെന്നും ഹാരിസ് ചിറയ്ക്കൽ പറഞ്ഞിരുന്നു. 'ഉപകരണങ്ങൾ സംബന്ധിച്ച് എല്ലാ വർഷവും ഓഡിറ്റിംഗ് നടക്കാറുളളതാണ്. ആരോഗ്യവകുപ്പ് മന്ത്രി എന്താണ് ഉദ്ദേശിച്ചതെന്ന് അറിയില്ല. ഓസിലോസ്‌കോപ്പ് ഉൾപ്പെടെ എല്ലാ ഉപകരണങ്ങളും ആശുപത്രിയിൽ തന്നെയുണ്ട്. 14 ലക്ഷം രൂപയുടേതാണ് ഈ പറയുന്ന ഉപകരണം, ഹാരിസ് ചിറയ്ക്കൽ പറഞ്ഞു.


കഴിഞ്ഞ ദിവസം മെഡിക്കൽ കോളജിലെ യൂറോളജി വിഭാഗത്തിൽ എംപി ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ഉപകരണത്തിന്റെ ഒരുഭാഗം കാണുന്നില്ലെന്ന് അന്വേഷണ സമിതി കണ്ടെത്തിയതായി ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞിരുന്നു. ഇക്കാര്യം മുമ്പ് റിപ്പോർട്ട് ചെയ്യപ്പെട്ടില്ലെന്നും സംഭവത്തിൽ വകുപ്പുതല അന്വേഷണം നടത്തുമെന്നും കളവ് പോയെന്നാണ് സംശയമെന്നും മന്ത്രി പറഞ്ഞു. വകുപ്പുതല അന്വേഷണത്തിന് ശേഷം ആവശ്യമെങ്കിൽ പൊലീസിൽ പരാതി നൽകുന്ന കാര്യം പരിഗണിക്കുമെന്നും വീണാ ജോർജ് പറഞ്ഞു.

Previous Post Next Post