ന്യൂഡൽഹി: സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിൽ നടത്തിയ 103 മിനിറ്റ് നീണ്ട പ്രസംഗം ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഏറ്റവും ദൈർഘ്യമേറിയ പ്രസംഗമായി. പ്രസംഗത്തിൽ സ്വന്തം റെക്കോർഡാണ് മോദി മറികടന്നത്. കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിലെ മോദിയുടെ പ്രസംഗ ദൈർഘ്യം 98 മിനിറ്റ് ആയിരുന്നു.
2016-ൽ 96 മിനിറ്റ് പ്രസംഗിച്ചതാണ് 2024-ന് മുമ്പ് അദ്ദേഹത്തിന്റെ ഏറ്റവും ദൈർഘ്യമേറിയ സ്വാതന്ത്ര്യദിന പ്രസംഗം. അതേസമയം 2017ലെ 56 മിനിറ്റ് പ്രസംഗമാണ് മോദിയുടെ ഏറ്റവും ചെറിയ പ്രസംഗം. ഇന്ത്യയുടെ 79-ാം സ്വാതന്ത്ര്യദിനത്തിൽ, തുടർച്ചയായി 12 തവണ ചെങ്കോട്ടയിൽ പ്രസംഗിച്ച് ഇന്ദിരാഗാന്ധിയുടെ റെക്കോർഡും മോദി മറികടന്നു. തുടർച്ചയായി 17 സ്വാതന്ത്ര്യദിന പ്രസംഗങ്ങൾ നടത്തിയ ജവഹർലാൽ നെഹ്റു മാത്രമാണ് മോദിക്ക് മുന്നിലുള്ളത്.
2014ൽ മോദിയുടെ ആദ്യ സ്വാതന്ത്ര്യദിന പ്രസംഗം 65 മിനിറ്റായിരുന്നു. 2015ൽ ഇത് 88 മിനിറ്റായി ഉയർന്നു. 2018ൽ 83 മിനിറ്റും 2019ൽ 92 മിനിറ്റും 2020ൽ 90 മിനിറ്റുമായിരുന്നു. 2021ൽ 88 മിനിറ്റും 2022ൽ 74 മിനിറ്റും 2023ൽ 90 മിനിറ്റുമായിരുന്നു മോദിയുടെ പ്രസംഗം.
മോദിക്ക് മുമ്പ് ജവഹർലാൽ നെഹ്റു 1947ൽ 72 മിനിറ്റും, ഐകെ ഗുജ്‌റാൾ 1997ൽ 71 മിനിറ്റും പ്രസംഗിച്ചിട്ടുണ്ട്. നെഹ്റു 1954ൽ 14 മിനിറ്റും ഇന്ദിരാഗാന്ധി 1966ൽ 14 മിനിറ്റും പ്രസംഗിച്ചതാണ് ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിന പ്രസംഗത്തിലെ ഏറ്റവും കുറഞ്ഞ സമയം. മുൻ പ്രധാനമന്ത്രിമാരായ മൻമോഹൻ സിങും അടൽ ബിഹാരി വാജ്‌പേയിയും സമയ ദൈർഘ്യമില്ലാത്ത സ്വാതന്ത്ര്യദിന പ്രസംഗങ്ങൾ നടത്തിയിട്ടുണ്ട്. 2012ൽ 32 മിനിറ്റും 2013ൽ 35 മിനിറ്റുമായിരുന്നു മൻമോഹൻസിങിന്റെ പ്രസംഗസമയം. വാജ്‌പേയി 2002ൽ 25 മിനിറ്റും 2003ൽ 30 മിനിറ്റുമാണ് സംസാരിച്ചത്.