കോഴിക്കോട്: മോഷണ ശ്രമത്തിനിടെ അറുപത്തിനാലുകാരിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് മോഷ്ടാവ്. മുംബൈയിൽ സഹോദരന്റെ വീട്ടിൽ മരണാനന്തരച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു അമ്മിണിക്കാണ് മോഷണ ശ്രമം തടയുന്നതിനിടെ പരിക്കേറ്റത്.
എസ്-1 കോച്ചിന്റെ വാതിലിനോടുചേർന്ന സൈഡ് സീറ്റുകളിലായിരുന്നു ഇവർ സഞ്ചരിച്ചിരുന്നത്. കോഴിക്കോട്ട് തീവണ്ടി നിർത്തിയപ്പോൾ ഒപ്പമുണ്ടായിരുന്ന സഹോദരൻ വർഗീസ് ബാത്ത്റൂമിലേക്ക് പോയി. തീവണ്ടി നീങ്ങിത്തുടങ്ങിയപ്പോൾ സീറ്റിലുണ്ടായിരുന്ന ബാഗെടുത്ത് മോഷ്ടാവ് ഓടാൻശ്രമിച്ചു. ഉടൻതന്നെ അമ്മിണി ബാഗിൽ പിടിക്കുകയും പിടിവിടാതെ മോഷ്ടാവിനെ പ്രതിരോധിക്കുകയും ചെയ്തു. ഇതിനിടെ ബാഗ് ബലമായി തട്ടിയെടുത്ത മോഷ്ടാവ് അമ്മിണിയെ വാതിലിലൂടെ പുറത്തേക്ക് തള്ളിയിടുകയായിരുന്നു. ഇവർ വീണതിനുപിന്നാലെ മോഷ്ടാവും ചാടി.
സംഭവസമയത്ത് കോച്ചിലെ മറ്റുയാത്രക്കാർ ഉറക്കമായിരുന്നു. ശബ്ദംകേട്ട് ബാത്ത്റൂമിൽനിന്ന് പുറത്തേക്കുവന്ന സഹോദരൻ വർഗീസ് ടിടിഇയുടെ സഹായത്തോടെ ചെയിൻവലിച്ച് തീവണ്ടി നിർത്തി. ചാടിയിറങ്ങിയ വർഗീസ് തീവണ്ടിവന്ന വഴി ഓടി. ഒപ്പം ചില യാത്രക്കാരും. തലപൊട്ടി ചോരയൊലിച്ചുനിന്ന അമ്മിണിയെ തിരിച്ചുകയറ്റി യാത്ര തുടർന്നു. തിരൂരിൽ ഇറക്കിയ അമ്മിണിക്കൊപ്പം സഹോദരൻ വർഗീസും സഹയാത്രികൻ താനൂർ സ്വദേശി മുഹമ്മദ് ജനീഫും റെയിൽവേ പൊലീസും ഒപ്പമിറങ്ങി. അമ്മിണിയെ ആംബുലൻസിൽ ആദ്യം തിരൂരിലെ ഒരു ആശുപത്രിയിലെത്തിച്ചു. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി, തലയിലെ മുറിവിന് തുന്നലിട്ടു. ബന്ധുക്കളെത്തി വൈകീട്ടോടെ ഇവരെ തൃശ്ശൂരിലേക്ക് കൊണ്ടുപോയി.
വൻഅപകടത്തിൽ നിന്ന് തലനാരിഴയ്ക്കാണ് അമ്മിണി രക്ഷപ്പെട്ടത്. തീവണ്ടിയ്ക്ക് വേഗം തീരേകുറവായതും ഇവർ വീണ സ്ഥലത്ത് വലിയ അപകടങ്ങളുണ്ടാക്കാവുന്ന വസ്തുക്കൾ ഇല്ലാതിരുന്നതും രക്ഷയായി. അമ്മിണി തീവണ്ടിയിൽനിന്ന് വീണ് നിമിഷങ്ങൾക്കുള്ളിൽ തൊട്ടടുത്ത ട്രാക്കിലൂടെ അന്ത്യോദയ എക്സ്പ്രസ് കടന്നുപോയി. വീണതിന്റെ ഒരു മീറ്റർ അകലെ ഇരുമ്പുപോസ്റ്റും സിഗ്നൽകമ്പികളും ഉണ്ട്. ഇതിലൊന്നുംതട്ടാതെ അദ്ഭുതകരമായ രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ പ്രതിക്കായുള്ള തിരച്ചിൽ പോലീസ് ഊർജിതമാക്കിയിട്ടുണ്ട്.
