സ്വീകരിച്ചത് പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ ബൊക്കെ നൽകി; ഉത്തരവുകൾ വായിച്ചുനോക്കണം,10,000 രൂപ പിഴയിടണമെന്ന് മന്ത്രി

പാലക്കാട്: പൊതുപരിപാടികളിൽ അതിഥികൾക്ക് പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ പൂക്കൾ കൊടുക്കുന്നതിൽ വിമർശനവുമായി മന്ത്രി എം ബി രാജേഷ്. പാലക്കാട് ഗവ. വിക്ടോറിയ കോളജിൽ മാഗസിൻ പുരസ്‌കാരസമർപ്പണ ചടങ്ങിലെത്തിയപ്പോഴായിരുന്നു മന്ത്രിയുടെ വിമർശനം. ചടങ്ങിൽ വിദ്യാർഥികൾ നൽകിയ പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ പൂക്കൾ മന്ത്രി നിരസിച്ചു. ശേഷം വേദിയിൽ ഇക്കാര്യം പറയുകയും ചെയ്തു.


പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ പൂക്കൾ നൽകി അതിഥികളെ സ്വീകരിക്കേണ്ടതില്ല. കോളജുകളിൽ ഉദ്ഘാടനത്തിനെത്തുന്ന മന്ത്രിമാരെ പൂക്കൾ കൊടുത്ത് സ്വീകരിക്കണമെന്ന കാഴ്ചപ്പാടിൽ മാറ്റം വരുത്തണമെന്നും മന്ത്രി പറഞ്ഞു.


നിരോധിച്ച പ്ലാസ്റ്റിക് ഉപയോഗിച്ചതിന് 10,000 രൂപ പിഴയാണ്. ഈ നിരോധനം നടപ്പാക്കേണ്ടതാവട്ടെ, തദ്ദേശസ്വയംഭരണ വകുപ്പും. അത് കൈകാര്യംചെയ്യുന്ന മന്ത്രിക്കാണ് ഈ ബൊക്കെയുംകൊണ്ട് വന്നിരിക്കുന്നത്. തദ്ദേശസ്വയംഭരണ വകുപ്പ് ഇറക്കിയ ഉത്തരവുകളൊക്കെ ഒന്നു വായിച്ചുനോക്കണമെന്നും മന്ത്രി അറിയിച്ചു.


മന്ത്രിയുടെ വാക്കുകൾ


'ഇവിടെ കൊണ്ടുവന്നു തന്ന ബൊക്കെ നിരോധിത പ്ലാസ്റ്റിക് കൊണ്ട് പൊതിഞ്ഞതാണ്, നിരോധിത പ്ലാസ്റ്റിക് ഉപയോഗിച്ചതിന് 10,000 രൂപ പിഴയിടണം. ഈ നിരോധനം നടപ്പാക്കേണ്ട വകുപ്പാണ് തദ്ദേശസ്വയംഭരണ വകുപ്പ്, അതിന്റെ മന്ത്രിക്കാണ് ഈ ബൊക്കെ കൊടുത്തത്. ഈ ഉത്തരവുകളൊക്കെ വായിച്ച് നോക്കണം. തദ്ദേശവകുപ്പ് ഇതിനൊരു ഉത്തരവ് ഇറക്കിയിട്ടുണ്ട്. വകുപ്പിന്റെ പരിപാടിക്ക് അതിഥികൾക്ക് ഒന്നുകിൽ പുസ്തകം കൊടുക്കാം അല്ലെങ്കിൽ ബഡ്‌സ് സ്‌കൂളിലെ കുട്ടികളുടെ ഉൽപ്പനം കൊടുക്കാം. ഇത് ഒരുതരത്തിലും ന്യായീകരിക്കാൻ പറ്റാത്ത കാര്യമാണ്. ഇത്രയും വലിയ ബൊക്കെക്ക് എന്താ വില ബഡ്‌സ് സ്‌കൂളിലെ കുട്ടികളുടെ ഉൽപ്പനം വാങ്ങിച്ചാൽ അവർക്ക് ഒരു വരുമാനമായി, ഈ ബൊക്കെ കൊണ്ട് എന്ത് പ്രയോജനം കുറച്ച് മാലിന്യങ്ങളുണ്ടാക്കാം എന്നതല്ലാതെ' മന്ത്രി പറഞ്ഞു.

Previous Post Next Post