കന്യാസ്ത്രീകളുടെ അറസ്റ്റ്: അടിയന്തപ്രമേയത്തിന് നോട്ടീസ് നല്‍കി കേരള എംപിമാര്‍

ഛത്തീസ്ഗഡില്‍ മതപരിവർത്തനമാരോപിച്ച്‌ മലയാളി കന്യാസ്ത്രീകള്‍ അറസ്റ്റ് ചെയ്യപ്പെട്ട സംഭവത്തില്‍ ഹൈബി ഈഡൻ എം പി അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി.

ബെന്നി ബഹന്നാനും നോട്ടീസ് നല്‍കി. ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകള്‍ അറസ്റ്റ് ചെയ്യപ്പെട്ട സംഭവം സഭ നിർത്തിവച്ച്‌ ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കെ. സുധാകരൻ എംപിയും അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി.

ഛത്തീസ്ഗഢില്‍ മിഷനറി പ്രവർത്തകർക്ക് എതിരായ അക്രമം നിത്യ സംഭവമെന്ന് വെളിപ്പെടുത്തുന്ന കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്തായി. തീവ്ര ഹിന്ദു സംഘടന നേതാവ് ജ്യോതി ശർമ മിഷനറി പ്രവർത്തകരെ പോലീസിൻ്റെ മുന്നിലിട്ട് മർദിക്കുന്ന ദൃശ്യങ്ങള്‍ അടക്കമാണ് പുറത്ത് വന്നത്. കേസില്‍ പ്രതിയായ ജ്യോതി ശർമ ഒളിവില്‍ ആണെന്നാണ് പോലീസ് കോടതിയെ അറിയിച്ചത് എന്നും ആരോപണമുയരുന്നുണ്ട്. മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത് ബജ്റംഗ്ദള്‍ പ്രവർത്തകരുടെ സമ്മർദം കാരണം എന്നും ആരോപണമുണ്ട്. ജ്യോതി ശർമ മലയാളി കന്യാസ്ത്രീകളെ പോലീസിന് മുന്നില്‍ ചോദ്യം ചെയ്യുന്നതും അടിക്കാനോങ്ങുന്നതിൻ്റെയും ദൃശ്യങ്ങള്‍ ഇന്നലെ പുറത്ത് വന്നിരുന്നു. ജ്യോതി ശർമയുടെ നേതൃത്വത്തില്‍ ആണ് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്യിപ്പിച്ചത് എന്ന് കന്യാസ്ത്രീകളുടെ സഹപ്രവർത്തക ഇന്നലെ പറഞ്ഞിരുന്നു.

ഛത്തീസ്ഗഢില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്ക് ജാമ്യം നല്‍കണം എന്നാവശ്യപ്പെട്ട് ഇന്ന് കോടതിയില്‍ സഭാ നേതൃത്വം അപേക്ഷ നല്‍കും. ദുർഗിലെ കോടതിയില്‍ ആണ് അപേക്ഷ നല്‍കുക. വെള്ളിയാഴ്ചയാണ് നിർബന്ധിത മത പരിവർത്തനം ആരോപിച്ചു ബജ്റംഗ്ദള്‍ പ്രവർത്തകർ നല്‍കിയ പരാതിയില്‍ രണ്ട് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത്.
Previous Post Next Post