ധര്‍മസ്ഥലയിലെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് 20 വര്‍ഷത്തിനുള്ളില്‍ കാണാതായവരുടെ പട്ടിക തയ്യാറാക്കാന്‍ എസ്‌ഐടി.
ദുരൂഹ മരണങ്ങളുടേയും അജ‍്ഞാത മൃതദേഹങ്ങളുടേയും കണക്കെടുക്കും.നിലവില്‍ ബെല്‍ത്തങ്കാടി എസ്‌ഐടി ക്യാമ്ബിന് കനത്ത സുരക്ഷ ഒരക്കിയിട്ടുണ്ട്. ലാൻഡ് റെക്കോഡ്സ്, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ബെല്‍ത്തങ്കാടി എസ്‌ഐടി ക്യാമ്ബിലെത്തി.ധർമസ്ഥലയിലെ റിസർവ്ഡ് വനത്തില്‍ അടക്കം വിവിധ സ്ഥലങ്ങളില്‍ മൃതദേഹം മറവ് ചെയ്തെന്നാണ് സാക്ഷിയുടെ മൊഴി. ഇതിന്‍റെ അടിസ്ഥാനത്തിലാവും അന്വേഷണം വ്യാപിപ്പിക്കുക. ആവശ്യമെങ്കില്‍ സാക്ഷിയെ വീണ്ടും വിളിച്ച് വരുത്തിയേക്കും എന്നാണ് റിപ്പോര്‍ട്ട്.1998നും 2014നും ഇടയില്‍ ധര്‍മസ്ഥലയില്‍ വെച്ച് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ താന്‍ നിര്‍ബന്ധിതനായിരുന്നുവെന്ന് ശുചീകരണ തൊഴിലാളി പൊലീസിനോട് വെളിപ്പെടുത്തുകയായിരുന്നു.
ധർമസ്ഥലയിലെ ദുരൂഹ മരണങ്ങളുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം ധർമസ്ഥല പൊലീസ് സ്റ്റേഷനിലെത്തി രേഖകള്‍ കൈപ്പറ്റിയരുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ എസ്പിയാണ് എഫ്‌ഐആറും അനുബന്ധരേഖകളും ഏറ്റുവാങ്ങിയത്. ശുചീകരണ തൊഴിലാളിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇവിടെയാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്.അതേസമയം, ധർമസ്ഥല കേസ് അന്വേഷിക്കുന്ന പ്രത്യേകാന്വേഷണ സംഘത്തില്‍ നിന്ന് ഏക വനിതാ ഐപിഎസ് ഉദ്യോഗസ്ഥ പിൻമാറി. ഡിസിപി സൗമ്യലതയാണ് എസ്‌ഐടിയില്‍ നിന്ന് പിൻമാറുന്നതായി കാണിച്ച് കത്ത് നല്‍കിയത്. വ്യക്തിപരമായ അസൗകര്യം ചൂണ്ടിക്കാണിച്ചാണ് കത്ത്.
ഡിജിപി പ്രണബ് കുമാർ മൊഹന്തി നേതൃത്വം നല്‍കുന്ന ഇരുപത്തിനാലംഗ അന്വേഷണസംഘത്തില്‍ മറ്റൊരു വനിതാ ഉദ്യോഗസ്ഥയെ നിയമിക്കുമെന്ന് ആഭ്യന്തരമന്ത്രി ജി പരമേശ്വര അറിയിച്ചു. ബെല്‍ത്തങ്കടിയിലെ ഐബി ക്യാമ്ബ് ഓഫീസാക്കിയാകും എസ്‌ഐടി പ്രവർത്തിക്കുക. ഉത്തര കന്നഡ, ചിക്കമംഗളൂരു, ഉഡുപ്പി എന്നീ ജില്ലകളില്‍ നിന്നടക്കമുള്ള ഇരുപത് ഉദ്യോഗസ്ഥരെക്കൂടി സംഘത്തില്‍ ഉള്‍പ്പെടുത്തി ഇന്നലെ ആഭ്യന്തരവകുപ്പ് ഉത്തരവ് പുറത്തിറക്കിയിരുന്നു. വിപുലമായ അന്വേഷണം കേസില്‍ ആവശ്യമാകുമെന്ന് കണ്ടാണ് അന്വേഷണസംഘം വിപുലീകരിച്ചത്. കർണാടകയിലെ ഏതെങ്കിലും സ്റ്റേഷനില്‍ റജിസ്റ്റർ ചെയ്ത മിസ്സിംഗ് കേസുകള്‍ ആവശ്യമെങ്കില്‍ ഏറ്റെടുത്ത് അന്വേഷിക്കാൻ എസ്‌ഐടിക്ക് അധികാരമുണ്ടാകും.